വാഷിംഗ്ടൺ ഡിസി/ടെഹ്റാൻ: പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലേക്ക്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ നിലയങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തേക്കാൾ ഭീകരമായ ആക്രമണം നേരിടേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ, തിരിച്ചടിക്കാൻ തങ്ങളും സജ്ജരാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് എക്സിലൂടെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്.
അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. തങ്ങളുടെ യുദ്ധക്കപ്പലുകൾ ഇറാനെതിരേ ആക്രമണം നടത്താൻ സർവസജ്ജമാണെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ അറിയിച്ചു.
ഏബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ ഏത് നിമിഷവും അതിവേഗത്തിൽ ആക്രമണം നടത്താൻ സജ്ജമാണ്. ഇറാൻ ചർച്ചയ്ക്കു തയാറാകണം. ആണവായുധങ്ങൾ ഇല്ലാത്ത, എല്ലാവർക്കും ഗുണകരമായ ഒരു കരാറിൽ ഒപ്പിടണം. സമയം അതിവേഗം അവസാനിക്കുകയാണ്- ട്രംപ് കുറിച്ചു. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കാണ് ട്രംപ് പദ്ധതിയൊരുക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശക്തമായ തിരിച്ചടിയെന്ന് ഇറാൻ
ട്രംപിന്റെ ഭീഷണിയോട് അതിശക്തമായാണ് ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്. കഴിഞ്ഞ വർഷം പന്ത്രണ്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തിൽനിന്ന് തങ്ങൾ വിലപ്പെട്ട പാഠങ്ങൾ പഠിച്ചിട്ടുണ്ട്. തങ്ങളുടെ സായുധസേന പ്രത്യാക്രമണത്തിന് തയാറാണ്. ഇറാന്റെ മണ്ണിലോ ആകാശത്തോ കടലിലോ ഉണ്ടാകുന്ന ഏത് കടന്നുകയറ്റത്തെയും പ്രതിരോധിക്കാൻ തങ്ങളുടെ സായുധ സേന സജ്ജമാണെന്ന് അരാഗ്ചി വ്യക്തമാക്കി.
ഭീഷണികൾക്കിടയിലും പുതിയൊരു ആണവ കരാറിലേക്കെത്താനുള്ള സാധ്യത ഇറാൻ തള്ളിക്കളയുന്നില്ല. തുല്യമായ പരിഗണനയോടെയും ഭീഷണികളില്ലാതെയും ചർച്ച നടക്കുകയാണെങ്കിൽ ഒരു ഉടമ്പടിക്ക് തയാറാണെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.
ആണവായുധങ്ങൾ നിർമിക്കില്ലെന്ന് ഉറപ്പുനൽകുന്നതോടൊപ്പം, സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ വാദിക്കുന്നു. ഭീഷണികൾക്കും സമ്മർദങ്ങൾക്കും വഴങ്ങില്ലെന്നും മാന്യമായ ചർച്ചകളിലൂടെ മാത്രമേ പുതിയ കരാർ സാധ്യമാകൂ എന്നും ഇറാൻ വ്യക്തമാക്കുന്നു.
പുറത്തുനിന്നുള്ള യുദ്ധഭീഷണിക്കൊപ്പം ഇറാൻ വലിയ ജനകീയ പ്രക്ഷോഭത്തെയും നേരിടുകയാണ്. ഒരു മാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ വൻ രക്തച്ചൊരിച്ചിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. 6,221ലേറെ പേർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഇതിൽ 5,856 പ്രതിഷേധക്കാരും 100 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. എന്നാൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഏകദേശം 42,324ലേറെ പേരെ അധികൃതർ തടവിലാക്കിയെന്നും വിവരമുണ്ട്.
