ചപ്പാരപ്പടവ്: അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തി വീടിന് ശിപാർശ നല്കി മൂന്നു വർഷമായിട്ടും വീട് നല്കാതെ അധികൃതർ. വായാട്ടുപറന്പിലെ ചെല്ലപ്പൻ ഒറ്റപ്ലാക്കലും കുടുംബവുമാണ് ദുരിതത്തിൽ കഴിയുന്നത്.
ഇടിഞ്ഞു വീഴാറായ വീട്ടിൽ ഇനി എങ്ങനെ കഴിയും എന്ന ആശങ്കയിലാണ് ഈ പാവപ്പെട്ട കുടുംബം. ഇവർക്ക് അടിയന്തരമായി പുതിയ വീട് ആവശ്യമാണ് എന്ന റിപ്പോർട്ട് ബന്ധപ്പെട്ട അധികൃതർക്ക് നേരത്തെ സമർപ്പിച്ചിരുന്നു.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കുന്നതിനായി കരാർ ഒപ്പുവയ്പിക്കുകയും രണ്ട് ഘട്ടങ്ങളിലായി 80,000 രൂപ സഹായമായി നല്കുകയും ചെയ്തു. ഇതോടെ സ്ഥലത്ത് തറകെട്ടി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും കുറച്ച് നിർമാണ സാമഗ്രികൾ എത്തിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു.
പിന്നീട് സംസ്ഥാനതലത്തിൽ തയാറാക്കിയ അന്തിമ പട്ടികയിൽ ചെല്ലപ്പൻ കുടുംബത്തിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇതേ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് തിരുവനന്തപുരത്ത് ബന്ധപ്പെട്ട വകുപ്പിന് പരാതി നൽകുകയും പുന:പരിശോധന ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പരാതി നൽകിയിട്ടും ഇതുവരെ കുടുംബത്തിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്താനായിട്ടില്ല.
മൂന്നു വർഷമായിട്ടും തുടർ നടപടി ഇല്ലാതായതോടെ കുടുംബം താമസിക്കാൻ ഇടമില്ലാതെ കടുത്ത ദുരിതത്തിലാണ്. ഇതിനെതിരേ കമ്മിറ്റി രൂപീകരിച്ച് ശക്തമായ പ്രതിഷേധം തുടങ്ങിട്ടുണ്ട്.
