കോടഞ്ചേരി: കഠിനാധ്വാനവും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്നതിന് ഉദാഹരണമാണ് കുര്യാക്കോസിന്റെ വിജില്‍ എന്റര്‍പ്രൈസസ്.വലിയകൊല്ലിയില്‍ ഒരു ചെറിയ കോഴി ഫാമില്‍ നിന്നാരംഭിച്ച ഈ സംരംഭം ഇന്ന കോഴിത്തീറ്റ നിര്‍മാണം, കോഴിക്കുഞ്ഞ് വിതരണം, കോഴിയിറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇറച്ചിക്കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കെതിരേയുള്ള മധുരപ്രതികാരംകൂടിയാണ് കുര്യാക്കോസ് നിറവേറ്റിയത്.
തങ്ങളുടെ ഔദാര്യമില്ലെങ്കില്‍ കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല സ്തംഭിക്കുമെന്ന ഇതര സംസ്ഥാനങ്ങളിലെ വന്‍കിടക്കാരുടെ ഹുങ്ക് കുര്യാക്കോസ് പൊട്ടിച്ച് കൈയില്‍ കൊടുത്തു.
മൈക്കാവില്‍ കോഴിത്തീറ്റ നിര്‍മിക്കുന്ന സ്ഥാപനം, സ്വന്തമായി 20 ഓളം കോഴിയിറച്ചി വില്പന സ്റ്റാളുകള്‍ എന്നിങ്ങനെ വലിയൊരു ബിസിനസ് ശൃംഖലയാണ് കുര്യാക്കോസ് കെട്ടിപ്പടുത്തത്.
ചൂഷണത്തില്‍ മനംമടുത്ത്
കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്തിരുന്ന കുര്യാക്കോസ് പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിസിനസ് ഫെസിലിറ്റേറ്ററായി ജോലി ചെയ്തിരുന്നു. ആ സമയം ജോലിക്കിടെ തയ്യാറാക്കിയ ഒരു പ്രോജക്ട് റിപ്പോര്‍ട്ടാണ് കോഴി കൃഷിയിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. 2010ലാണ് കുര്യാക്കോസ് കോഴി ഫാം ആരംഭിച്ചത്.
ഇതര സംസ്ഥാന കമ്പനികള്‍ കോഴിക്കുഞ്ഞുങ്ങളും തീറ്റയും നല്കി കര്‍ഷകരെക്കൊണ്ട് കോഴി ഫാം നടത്തിക്കുന്ന ഏര്‍പ്പാടില്‍ വന്‍ ചൂഷണം നടക്കുന്നുണ്ടെന്ന് കണ്ട് കുര്യാക്കോസ് മലയോര മേഖലയിലെ കര്‍ഷകരെ കൂട്ടി സ്വതന്ത്രമായി കോഴി ഫാം ആരംഭിക്കാനുള്ള ആശയം മുന്നോട്ടുവച്ചു.
നിരവധി പേര് സ്വന്തമായി കോഴി വളര്‍ത്തല്‍ ആരംഭിച്ചതോടെ കര്‍ഷകരുടെ ജീവിത നിലവാരം ഉയരുകയും മാസവരുമാനം വര്‍ദ്ധിക്കുകയും ചെയ്തു.
ക്കുന്നുണ്ട് കുര്യാക്കോസിന്റെ സ്ഥാപനത്തില്‍. 12 ഡ്രൈവര്‍മാര്‍, 40 ഔട്ട്ലെറ്റ് ജീവനക്കാര്‍, ഫാക്ടറി-ഓഫീസ് ജീവനക്കാര്‍, ഹോം ഡെലിവറി ജീവനക്കാര്‍ എന്നിവരാണ് വിജില്‍ എന്റര്‍പ്രൈസസിന്റെ ചാലക ശക്തികള്‍.
സ്വന്തമായി ഹാച്ചറിയും
ഇതര സംസ്ഥാന കമ്പനികള്‍ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നല്‍കിയില്ലെങ്കില്‍ എങ്ങനെ കേരളത്തില്‍ ഇറച്ചിക്കോഴി ഫാം തുടങ്ങുമെന്ന ആശങ്കയ്ക്ക് കുര്യാക്കോസ് വഴി കണ്ടെത്തിയത് സ്വന്തമായി ഹാച്ചറി ആരംഭിച്ചാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നൂറോളം ഫാമുകളിലേക്ക് വിജില്‍ എന്റര്‍പ്രൈസസ് കോഴിക്കുഞ്ഞുങ്ങളും തീറ്റയും വിതരണം ചെയ്യുന്നുണ്ട്. നാല് ദിവസത്തിലൊരിക്കല്‍ ഏകദേശം 25,000 കൊത്തുമൊട്ടകള് ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിച്ച് സ്വന്തം ഹാച്ചറിയില്‍ വിരിയിച്ച് കര്‍ഷകര്‍ക്ക് നല്കുന്നു. മണിക്കൂറില്‍ ആറു ടണ്‍ തീറ്റ ഉല്പാദിപ്പിക്കാന് ശേഷിയുള്ള തീറ്റ ഫാക്ടറിയും സ്ഥാപനത്തിനുണ്ട്.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ചോളം, സോയ എന്നിവയും വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിറ്റാമിന്‍ മിക്സുകള്‍, പ്രീബയോട്ടിക്, പ്രോ ബയോട്ടിക് ഘടകങ്ങള്‍ എന്നിവയും ഉപയോഗിച്ചാണ് തീറ്റ നിര്‍മ്മിക്കുന്നത്.
നൂറിലധികം കുടുംബങ്ങള്‍ക്ക് നേരിട്ടുള്ള തൊഴില്‍ ലഭിക്കുന്നുണ്ട് കുര്യാക്കോസിന്റെ സ്ഥാപനത്തില്‍. 12 ഡ്രൈവര്‍മാര്‍, 40 ഔട്ട്ലെറ്റ് ജീവനക്കാര്‍, ഫാക്ടറി-ഓഫീസ് ജീവനക്കാര്‍, ഹോം ഡെലിവറി ജീവനക്കാര്‍ എന്നിവരാണ് വിജില്‍ എന്റര്‍പ്രൈസസിന്റെ ചാലക ശക്തികള്‍.
വില കുറയ്ക്കുമ്പോള്‍ ഭീഷണി
2019-ല്‍ കൊറോണ മഹാമാരി വ്യാപിച്ചതോടെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ടു. അന്നുണ്ടായിരുന്ന 11 ഫാമുകളിലേക്ക് തീറ്റ എത്തിക്കാന്‍ കഴിയാതെ കോഴികളെ സൗജന്യമായി വിതരണം ചെയ്യേണ്ട അവസ്ഥയുണ്ടായി. അന്ന് പതറാതെ കുര്യാക്കോസ് പിടിച്ചു നിന്നു. കോഴിക്കോട് ജില്ലയിലെ 20ഓളം ഇറച്ചിക്കോഴി ഔട്ട്ലെറ്റുകളില് പൊതുമാര്‍ക്കറ്റിലെ വിലയേക്കാള്‍ 20 മുതല്‍ 40 രൂപ വരെ കുറവിലാണ് കുര്യാക്കോസ് വില്പന നടത്തുന്നത്.
കൊറോണ കാലത്ത് കിലോയ്ക്ക് ഒമ്പത് രൂപ നിരക്കില്‍ വിജില്‍ എന്റര്‍പ്രൈസസ് കോഴികളെ കച്ചവടക്കാര്‍ക്ക് നല്‍കിയെങ്കിലും അവര്‍ 150 രൂപ നിരക്കിലാണ് ഇറച്ചിവില്പന നടത്തിയത്. ഈ തിക്താനുഭവമാണ്, സ്വന്തമായി ഔട്ട്ലെറ്റ് തുടങ്ങി ജനങ്ങള്‍ക്ക് വില കുറച്ച് ഇറച്ചിക്കോഴികളെ കൊടുക്കാന്‍ കുര്യാക്കോസിനെ പ്രേരിപ്പിച്ചത്.
വില കുറച്ച് കോഴിയിറച്ചി കൊടുക്കുന്നതിനാല്‍ നിരവധി ഭീഷണികളും കുര്യാക്കോസ് നേരിടുന്നുണ്ട്. ഭാര്യ ജസ്നയുടെ പൂര്‍ണ പിന്തുണയും കുര്യാക്കോസിനുണ്ട്. പല കര്‍ഷകരും സംശയനിവൃത്തിക്ക് കുര്യാക്കോസിനെയാണ് ബന്ധപ്പെടുന്നത്. ഫോൺ :94465 66125.
- സിജോ കോടഞ്ചേരി
