പാരിപ്പള്ളി: കേരളാ വാട്ടർ അഥോറിറ്റി ചാത്തന്നൂർ സെക്ഷന്റെ പരിധിയിൽപ്പെട്ട കല്ലുവാതുക്കൽ, ചിറക്കര , നടയ്ക്കൽ , ആലുവിള , വട്ടക്കുഴിക്കൽ, വേള മാന്നൂർ തുടങ്ങി കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലജീവൻ മിഷ ന്റെഭാഗമായി സ്ഥാപിച്ചിട്ടുള്ള വാട്ടർ കണക്ഷനുകളിലെ ജലവിതരണം അവതാളത്തിലായിരിക്കുകയാണ്.
കണക്ഷൻ ലഭിച്ചു കുറച്ച് മാസങ്ങൾ ജലവിതരണമില്ലാതെ തന്നെ കൃത്യമായി ബില്ലു മാത്രം വരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ പരാതികളുടെ അടിസ്ഥാനത്തിൽ ജലവിതരണം തുടങ്ങിയെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി ജലവിതരണം വീണ്ടും മുടങ്ങിയിരിക്കുകയാണ്.
വെള്ളത്തിനായുള്ള നാട്ടുകാരുടെ പരാതികളുയർന്നപ്പോൾ കണ്ണിൽ പൊടിയിടുന്ന നടപടിയെന്നോണം പാതിരാത്രി കഴിഞ്ഞ് എല്ലാവരും ഉറങ്ങുന്ന സമയം നോക്കി പുലർച്ചേ രണ്ടിനും നാലിനും ഇടയിലുള്ള സമയത്ത് അരമണിക്കൂർ സമയം വെള്ളം വിതണം നടത്തുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്.
വിതരണം ചെയ്യുന്ന സമത്ത് ടാപ്പിലൂടെ മാത്രം ജലം സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് വെള്ളം കിട്ടാക്കനിയാകുന്ന അവസ്ഥയാണ്. എന്നാൽ കൃത്യമായി വാട്ടർ ബില്ല് ഈടാക്കുന്നതിൽ അധികൃതർക്ക് ഒരു മടിയുമില്ല.വരൾച്ച രൂക്ഷമായി ബാധിക്കുന്ന ഈ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം ജലജീവൻ മിഷ ന്റെ ജലവിതരണം അനുഗ്രഹമായി മാറേണ്ടതാണ്.
എന്നാൽ ജലവിതരണം കൃത്യമായി നടക്കുന്നതിനായി സർക്കാർ തലത്തിലോ ചാത്തന്നൂർ എം എൽഎയുടെ ഭാഗത്തു നിന്നോ പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തുനിന്നോ യാതൊരുവിധ ഇടപെടലുകളും നടക്കുന്നില്ലെന്നതാണ് വസ്തുത.
വാട്ടർ അഥോറിറ്റി ജലവിതരണത്തിൽ കാണിക്കുന്ന അലംഭാവം മാറ്റി വച്ച് കൃത്യമായ രീതിയിൽ ജനങ്ങൾക്കുപകാരപ്പെടുന്ന രീതിയിൽ ജലവിതരണം സാധ്യമാക്കുകയും വരൾച്ചയെ നേരിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കല്ലുവാതുക്കൽ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ യോഗം ചേർന്നു. വികസന സമിതി പ്രസിന്റ്് കല്ലുവാതുക്കൽ അജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ ഇത് സംബന്ധിച്ച് അധികാരികൾക്ക് നിവേദനവും നൽകി.
