കോട്ടയം: വേനല്‍ കനത്ത് വെള്ളം വറ്റുകയും ചൂടു വര്‍ധിക്കുകയും ചെയ്യുന്നതോടെ മലയോര മേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ മൃഗപ്പേടിയില്. വേനല്‍ ശക്തമായി വെള്ളം വറ്റിയാല്‍ മൃഗങ്ങള്‍ തീറ്റയും വെള്ളവും തേടി നാട്ടിലിറങ്ങാനുള്ള സാധ്യതയാണ് ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നത്.കാട്ടുപന്നി, കുറുക്കന്, കുറുനരി തുടങ്ങിയവയുടെ ശല്യം മുന്‍കാലങ്ങളെക്കാള്‍ പതിന്മടങ്ങ് രൂക്ഷമാണ്. വേനല്‍ക്കാലം ശക്തമാകുന്നതോടെ തീറ്റയും വെള്ളവും തേടി ഇവ നാട്ടിലേക്കിറങ്ങുന്നതു വര്‍ധിക്കുകയും ചെയ്യും.
ജില്ലയിലെ പെരുവന്താനം, കോരുത്തോട്, വണ്ടന്‍പതാല്‍, കണമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തന്‍പുഴ, നെടുംകുന്നം, കറുകച്ചാല്‍, തീക്കോയി, പൂഞ്ഞാര്‍, മരങ്ങാട്ടുപിള്ളി, രാമപുരം, കടപ്ലാമറ്റം എന്നിവിടങ്ങളില്ലെല്ലാം കാട്ടുപന്നി ഉള്‍പ്പെടെയുള്ളവയുടെ ശല്യം രൂക്ഷമാണ്.
ഏക്കറുകണക്കിനു സ്ഥലത്തെ കൃഷികളാണ് കാട്ടുപന്നികള്‍ കുത്തിമറിച്ച് നശിപ്പിക്കുന്നത്. പല സ്ഥലങ്ങളിലും കര്‍ഷകര്‍ വയ്ക്കുന്ന തെങ്ങുകള്‍ കാട്ടുപന്നി കുത്തിമറിച്ചശേഷം തേങ്ങ തുരന്ന് പൊങ്ങ് തിന്നിട്ടു പോകുന്നതു പതിവായിരിക്കുകയാണ്. വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയും താറാവുകളെയും മറ്റു വളര്‍ത്തു മൃഗങ്ങളെയും കുറുക്കനും കുറുനരിയും ഉള്‍പ്പെടെയുള്ളവ ആക്രമിച്ചു കൊലപ്പെടുത്തും.
ഇവയ്ക്കു പുറമെ തെരുവു നായ്ക്കളുടെ ശല്യവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. വേനല്‍ക്കാലത്ത് നനച്ചു വളര്‍ത്തിവരുന്ന കൊക്കോ കായ് അണ്ണാന് തിന്നുനശിപ്പിക്കും. മഴക്കാലത്തേക്കാള്‍ വേനല്‍ക്കാലത്ത് കൊക്കോയില്‍ നിന്നും കായ്കള്‍ കൂടുതലായി ലഭിക്കുമെങ്കിലും അണ്ണാന്റെ ശല്യം രൂക്ഷമായിരിക്കുകയാണ്.
ജില്ലയിലെ മലയോര മേഖലയില്‍ മലയണ്ണാന്റെ സാന്നിധ്യവുമുണ്ട്. കഴിഞ്ഞ മാസത്തോടെ കാപ്പിക്കുരുകള്‍ കര്‍ഷകര്‍ പൂര്‍ണമായും പറിച്ചെടുത്തെങ്കിലും നല്ലൊരു ശതമാനം കാപ്പിക്കുരു മലയണ്ണാന് തിന്നിട്ടുണ്ട്. ചില മേഖലകളില്‍ കുരങ്ങന്റെ സാന്നിധ്യവുമുണ്ട്.
ഇവ തേങ്ങയും വാഴക്കുലകളും ഉള്‍പ്പെടെ കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കും. മുണ്ടക്കയം, മതമ്പ മേഖലകളില്‍ കാട്ടാനകളെ നിയന്ത്രിക്കാന്‍ സോളാര്‍ കമ്പിവേലി, കിടങ്ങുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങളെല്ലാം പാഴ്വാക്കാണ്.
