കാഞ്ഞിരപ്പള്ളി: ഇടുങ്ങിയ പാത, റോഡിന് ഇരുവശവും കണ്ടംചെയ്ത് പൊളിക്കാനിട്ടിരിക്കുന്ന വാഹനങ്ങള്‍, കൂടാതെ ആക്രിമാലിന്യങ്ങളും അനധികൃത കൈയേറ്റങ്ങളും. ഇതിനൊപ്പം കൂനിന്മേല് കുരുവെന്നപോലെ കലുങ്കു നിര്‍മാണവും കൂടിയായപ്പോള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് ദേശീയപാത 183ലെ പൂതക്കുഴി ഭാഗം.
കലുങ്ക് നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശം പൊളിച്ചിട്ടതോടെ ഈ ഭാഗത്ത് വന്‍ ഗതാഗതക്കുരുക്കാണ് ദിവസവും അനുഭവപ്പെടുന്നത്. നിലവില്‍ കലുങ്ക് നിര്‍മാണം നടക്കുന്ന ഭാഗത്ത് ഒരു വശത്തുകൂടിയാണ് ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്.
പലപ്പോഴും കുരുക്ക് ഇരുപത്താറാംമൈൽ മുതൽ പേട്ടക്കവലവരെ നീളാറുണ്ട്. എരുമേലി ഭാഗത്തേക്കും തിരിച്ചുമുള്ള ബസുകൾ പലപ്പോഴും പട്ടിമറ്റം-മണ്ണാറക്കയം വഴിയാണ് സർവീസ് നടത്തുന്നത്. എരുമേലിയിൽനിന്ന് ഇരുപത്താറാംമൈലിൽ ഇറങ്ങി കോളജിലേക്കും മറ്റും പോകേണ്ട വിദ്യാർഥികളടക്കമുള്ള യാത്രക്കാരും ഇതുമൂലം വലയുകയാണ്.
റോഡില്‍ ഇരുപത്താറാംമൈല്‍ മുതല്‍ റാണി ആശുപത്രിപ്പടിവരെയുള്ള പല ഭാഗങ്ങളിലായി പാതയോരത്ത് പഴയ വാഹനങ്ങള്‍ കൊണ്ടുവന്ന് നാളുകളായി പൊളിക്കാൻ ഇട്ടിരിക്കുകയാണ്. റോഡിന് ഇരുവശവും തള്ളിയിരിക്കുന്ന ആക്രി മാലിന്യങ്ങളും പഴയ വാഹനങ്ങളും നീക്കംചെയ്യുകയും അനധികൃത പാര്‍ക്കിംഗ് നിരോധിക്കുകയും ചെയ്താൽ ഒരു പരിധിവരെയെങ്കിലും കുരുക്ക് കുറയ്ക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
