ഈരാറ്റുപേട്ട: വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം തേടി കർഷക സ്വരാജിന്റെ നേതൃത്വത്തിൽ സണ്ണി പൈകട അനുഷ്ഠിച്ചു വന്ന നിരാഹാര സത്യഗ്രഹ സമരം അവസാനിപ്പിച്ചു.ഇന്നലെ രാവിലെ 10ന് സത്യഗ്രഹപ്പന്തലിൽ കൂടിയ കർഷകരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ മാതൃക കർഷകൻകൂടിയായ ഔസേപ്പച്ചൻ മടിക്കാങ്കൽ സണ്ണി പൈകടയ്ക്ക് ഇളനീർ നൽകി.
തുടർന്ന് ചേർന്ന യോഗത്തിൽ സമരസമിതി ചെയർമാൻ ഉണ്ണിക്കുഞ്ഞ് ജോർജ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. കെ.വി. ബിജു, ജോർജുകുട്ടി കടപ്ലാക്കൽ, വി.ജെ. ജോസ്, വി.എം. അബ്ദുള്ളാഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീകല ടീച്ചർ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര, നഗരസഭാ ചെയർമാൻ വി.പി. നാസർ, അലോഷ്യസ് പൂനാട്ട് തുടങ്ങിയവരും പങ്കെടുത്തു.
വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിലും ജനുവരി 26 മുതൽ ഈരാറ്റുപേട്ടയിലും നടത്തിവന്നിരുന്ന കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു നിരാഹാര സത്യഗ്രഹം.അധികാരത്തിലെത്തിയാൽ സമരമുന്നയിക്കുന്ന പ്രശ്നങ്ങൾ മുന്തിയ പരിഗണനയോടെ പരിഹരിക്കുമെന്ന വാഗ്ദാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രേഖാമൂലം ഉറപ്പു നൽകി നിരാഹാരമവസാനിപ്പിക്കാൻ അഭ്യർഥിച്ചിരുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ ഷോൺ ജോർജ് സമരപ്പന്തലെത്തി സമരം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ തങ്ങളുടെ പ്രകടനപത്രികയിലുൾപ്പെടുത്തുമെന്നും വന്യമൃഗശല്യത്തിന് പരിഹാരം കാണുമെന്നും ഉറപ്പുനൽകി. എൽഡിഎഫ് മുന്നണിയെ നയിക്കുന്ന സിപിഎം സമരത്തോട് മുഖം തിരിഞ്ഞു നിന്നപ്പോഴും ഘടകകക്ഷിയായ കേരള കോൺഗ്രസ് -എം നേതൃത്വത്തിൽ ജോസ് കെ. മാണിയും നേതാക്കളും സമരസ്ഥലത്തെത്തി പിന്തുണ വാഗ്ദാനം ചെയ്തു.
ഈ സാഹചര്യങ്ങൾ വിലയിരുത്തി വെള്ളരിക്കുണ്ടിലെയും ഈരാറ്റുപേട്ടയിലെയും സത്യഗ്രഹ സമിതികൾ ഓൺലൈനായി യോഗം ചേർന്ന് സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത ഘട്ടം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജോൺ ജോസഫ് ചെയർമാനും സണ്ണി പൈകട കൺവീനറുമായുള്ള 17അംഗ അഡ്ഹോക്ക് കമ്മിറ്റിക്കും രൂപംകൊടുത്തു.
