ഭാഗ്യലക്ഷ്മിയെ ഭാഗ്യവതിയാക്കിയത് സോഷ്യല്‍ മീഡിയയാണ്. കരാട്ടെ, യോഗ, കളരിപ്പയറ്റ്, ബോഡി ബില്‍ഡിംഗ് തുടങ്ങിയവ ചിത്രീകരിച്ച ഭാഗ്യലക്ഷ്മിയുടെ റീലുകൾ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അയര്‍ക്കുന്നം കൂട്ടൂങ്കലില് ബാലകൃഷ്ണന്റെയും രജിതയുടെയും മകളാണ് ബി. ഭാഗ്യലക്ഷ്മി.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ താത്പര്യത്താല്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലിക്കാനിറങ്ങിയ ഭാഗ്യലക്ഷ്മിയുടെ അസാമാന്യ മെയ്വഴക്കത്തിനു സോഷ്യല്‍ മീഡിയയില്‍ നിറയെ ലൈക്കുകളും ഷെയറുകളുമാണ്. തൊട്ടതെല്ലാം പൊന്നാക്കുക എന്ന പ്രമാണം ഈ 20കാരി ജീവിതത്തില്‍ അര്‍ഥപൂര്‍ണമാക്കിയിരിക്കുകയാണ്.
കോട്ടയം ബസേലിയോസ് കോളജില്‍ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയായ ഭാഗ്യലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് കരാട്ടെയും യോഗയും കളരിയുമാണ്. പത്താം വയസിലാരംഭിച്ച പരിശീലനം ഇപ്പോഴും തുടരുന്നു. ഇന്നും ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കാനാണ് ശ്രമിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പങ്കുവയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂ.
യോഗയില്‍ ദേശീയ പുരസ്കാരവും കളരിപ്പയറ്റിലും ബോഡി ബില്‍ഡിംഗിലും സംസ്ഥാനതല പുരസ്കാരവും നേടിയിട്ടുള്ള ഭാഗ്യലക്ഷ്മിയെ 2023 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യ പുരസ്കാരവും തേടിയെത്തി. പഠനത്തിനൊപ്പം മാര്‍ഷ്യല്‍ ആര്‍ട്സുമായി മുന്നോട്ട് നീങ്ങാനാണ് ആഗ്രഹമെന്നും അന്തര്‍ദേശീയ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
പഠനത്തിനൊപ്പം സ്കൂളുകളില്‍ യോഗയും കളരിയും ഭാഗ്യലക്ഷ്മി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നുമുണ്ട്.
- റോബിന് ഏബ്രഹാം ജോസഫ്
