തൊടുപുഴ: മുതലക്കോടം മാവിന്‍ചുവട്ടില്‍ ബൈക്കപകടത്തില്‍ യുവാവ് മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് മൂടാതെകിടന്ന ഓട നവീകരിച്ച് സ്ലാബിടുന്ന ജോലികള്‍ പൂര്‍ത്തിയായി.ഓടകളുടെ രണ്ടു സൈഡും കെട്ടി മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മിക്കുന്ന ജോലികളാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. ഓടയ്ക്കു സമീപത്തെ കുഴിയും സ്ലാബിട്ട് നിരപ്പാക്കി.
ഇതോടെ റോഡിന് വീതിയും വര്‍ധിച്ചു. ഇവിടെയുള്ള കലുങ്ക് വഴി വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി മൂടാതെകിടന്ന ഓടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏതാനും ദിവസം മുമ്പ് മുതലക്കോടം കുന്നേല്‍ ജയിസ് ബെന്നി (27) മരിച്ചതിനെത്തുടര്‍ന്ന് ജനകീയ പ്രതിഷേധം ശക്തമായപ്പോഴാണ് ഓട നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുമരാമത്തുവകുപ്പ് മുന്നോട്ടുവന്നത്.
പൊതുമരാമത്തുവകുപ്പിന്റെ പഴയ കലുങ്കിനോട് ചേര്‍ന്നുള്ള ഓടയാണ് അപകടക്കെണിയായി മാറിയത്. വര്‍ഷങ്ങളായി മൂടാതെകിടന്ന ഓടയില്‍ നേരത്തേയും നിരവധി അപകടങ്ങള്‍ ഉണ്ടായിരുന്നു. ഇത് മൂടാത്തത് പൊതുമരാമത്തുവകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് നഗരസഭയും നാട്ടുകാരും ആരോപിച്ചപ്പോള്‍ ഓട വൃത്തിയാക്കാനായി നഗരസഭയുടെ നേതൃത്വത്തില്‍ സ്ലാബ് നീക്കിയതാണ് അപകട കാരണമായതെന്നായിരുന്നു പൊതുമരാമത്ത് അധികൃതരുടെ വാദം.
ഇതിനിടെ പൊതുമരാമത്തുവകുപ്പിന്റെയും നഗരസഭയുടെയും ഓഫീസുകളിലേക്ക് വിവിധ സംഘടനകള്‍ സമരം സംഘടിപ്പിച്ചു. യുവാവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അടിയന്തരമായി ഓട നവീകരിക്കാന്‍ പൊതുമരാമത്തുവകുപ്പ് നിര്‍ബന്ധിതമാകുകയായിരുന്നു. ഓടയ്ക്കുള്ളിലെ ജലവിതരണ പൈപ്പുകള്‍ വാട്ട അഥോറിറ്റിയുടെ നേതൃത്വത്തില്‍ നീക്കിയതോടെയാണ് സൈഡ് കെട്ടി സ്ലാബുകള്‍ സ്ഥാപിച്ചത്. കലുങ്കിന്റെ വെള്ളമൊഴുകുന്ന ഭാഗത്ത് ഗ്രില്ലും സ്ഥാപിക്കും.
ഓട നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ ഈ ഭാഗത്ത് പതിവായുണ്ടാകുന്ന അപകടങ്ങള്‍ക്ക് വിരാമമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തേ ഇതു ചെയ്തിരുന്നെങ്കില്‍ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന യുവാവിന്റെ ജീവന് പൊലിയില്ലായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
