കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതയ്ക്കെതിരേ 2023 ജൂൺ 25 ന് കൊയിലാണ്ടിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത കാഴ്ചപരിമിതനായ വിദ്യാർഥിയെ കൈവിലങ്ങ് അണിയിച്ച് പൊതുജനമധ്യത്തിൽ അപമാനിച്ചെന്ന പരാതിയിൽ ആരോപണം തെളിയിക്കാനായില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പോലീസിന്റെ ഭാഗത്ത് നിന്ന് മനഃപൂർവമായ മനുഷ്യാവകാശ ലംഘനം നടന്നതായി കമ്മീഷന്റെ അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
അന്വേഷണ റിപ്പോർട്ടിനെതിരേ ആക്ഷേപം സമർപ്പിക്കാൻ പരാതിക്കാരന് അവസരം നൽകിയെങ്കിലും ആക്ഷേപം സമർപ്പിക്കുകയോ സിറ്റിംഗിൽ ഹാജരാവുകയോ ചെയ്യാത്ത സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. തിക്കോടി സ്വദേശി ഹസ്വീഹ് മുഹമ്മദിന്റെ പരാതിയാണ് തള്ളിയത്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണങ്ങൾ നിഷേധിച്ച സാഹചര്യത്തിൽ ഐജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗത്തെ ജുഡീഷൽ അംഗം കെ. ബൈജുനാഥ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു.
2023 ൽ നടന്ന ഡോ. വന്ദന വധക്കേസിനെ തുടർന്ന് അക്രമാസക്തരാകാൻ സാധ്യതയുള്ള പ്രതികളുടെ വൈദ്യപരിശോധന സമയത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പരാതിക്കാരനെ കൈവിലങ്ങ് അണിയിച്ചതെന്ന് കൊയിലാണ്ടി എസ്ഐയായിരുന്ന അനീഷ് കമ്മീഷന്റെ അന്വേഷണ സംഘത്തിന് മൊഴി നൽകി. കൈവിലങ്ങ് അണിയിച്ചതിന്റെ ചിത്രങ്ങൾ പോലീസ് പ്രദർശിപ്പിച്ചിട്ടില്ല.
പരാതിക്കാരൻ കാഴ്ചപരിമിതനാണെന്ന മെഡിക്കൽ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. പോലീസിന്റെ ഭാഗത്ത് നിന്നും ദേഹോപദ്രവമുണ്ടായെന്ന് പരാതിക്കാരൻ ആരോപിച്ചിട്ടില്ല. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത 625/23 നമ്പർ കേസിൽ പ്രതികൾ കോടതിയിൽ പിഴ അടച്ചിട്ടുണ്ട്.
പരാതിക്കാരനെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ എതിർകക്ഷികൾ മനഃപൂർവം ശ്രമിച്ചെന്ന ആരോപണം തെളിയിക്കാനായില്ല. പരാതിക്കാരന്റെ തുടർച്ചയായ അസാന്നിധ്യം കാരണം കമ്മീഷന് തുടർനടപടികൾ സ്വീകരിക്കാനായില്ലെന്ന് ഉത്തരവിൽ പറഞ്ഞു.
