കാട്ടാക്കട: കിള്ളി ജംഗ്ഷനിലെ കൊടുംവളവ് അപകടക്കെണിയാകുന്നു. കാട്ടാക്കട – തിരുവനന്തപുരം റോഡിലെ കിള്ളി ജംഗ്ഷനാണ് സ്ഥിരം അപകടമേഖലയായി മാറിയിരിക്കുന്നത്. അശ്രദ്ധമായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
സ്വകാര്യ ആശുപത്രി ജംഗ്ഷനിലെ വളവും സ്വകാര്യ സ്ഥാപനങ്ങളിലെ അനധികൃത കൈയേറ്റവും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞതോടെ നിത്യേന നിരവധി അപകടങ്ങളാണ് നടക്കുന്നത്. റോഡിലേക്ക് ഇറക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു.
ആശുപത്രികൾ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എപ്പോഴും തിരക്ക് അനുഭവപ്പെടാറുണ്ട്.റോഡ് മുറിച്ചുകടക്കാനാകാത്ത വിധം തിരക്കാണെങ്കിലും പോലീസിന്റെ സഹായം ഉണ്ടാകാറേയില്ല. അടുത്തിടെ റോഡ് നവീകരണം കഴിഞ്ഞ ശേഷം നടപാതയ്ക്കായി റോഡിൽ ടൈൽസ് പാകിയെങ്കിലും സുരക്ഷാ സംവിധാനം ഒരുക്കിയില്ല.
രാത്രിയിൽ റോഡിലെ വെളിച്ചക്കുറവ് കാൽനടയാത്രക്കാരെ പോലും അപകടത്തിലാക്കുന്നുണ്ട്. സ്ഥലത്ത് അപകടസൂചനാ ബോർഡും കൈവരിയും നിർമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഈ റോഡിന്റെ പലഭാഗത്തും വീതിക്കുറവുമുണ്ട്.
ചെറിയൊരു വാഹനം പാർക്ക് ചെയ്താൽപോലും ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. മലയിൻകീഴ്, അന്തിയൂർക്കോണം, കിള്ളി എന്നിവിടങ്ങളിൽ റോഡിനിരുവശത്തും അനധികൃതമായി നിരവധി വാഹനങ്ങളാണു പാർക്ക് ചെയ്യുന്നത്. റോഡിനു വീതിയുണ്ടെങ്കിലും കിള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്.
