പത്തനംതിട്ട: ശബരിമല സ്വര്‍ണ കൊള്ളക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ സിപിഎം ജില്ലാ കമ്മിറ്റി അംഗം എ. പത്മമകുമാറിനെ സിപിഎം ആറന്മുള തെരഞ്ഞെടുപ്പു സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി.
പകരം ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂര്‍ ശങ്കരന് കണ്‍വീനറുടെ ചുമതല നല്കി. ആറന്മുളയില് സ്ഥാനാര്‍ഥിയായി മന്ത്രി വീണാ ജോര്‍ജിനെ പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്‍വീനര്‍ സ്ഥാനത്തു പത്മകുമാര്‍ തുടരുന്നതു തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തിടുക്കപ്പെട്ടുള്ള നടപടി.
കേസില്‍ അന്തിമവിധി വന്ന ശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്ന് സംസ്ഥാന സെക്രട്ടറി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലാ കമ്മിറ്റി ജയില്‍ മോചിതനായെത്തിയ പത്മകുമാറിനെതിരേ നടപടിയുമായി മുന്നോട്ടുപോകുകയാണ്.
കഴിഞ്ഞ ദിവസം നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനു തന്റെ ഭാഗം ന്യായീകരിച്ച് പത്മകുമാര്‍ മറുപടി നല്‍കിയിരുന്നു. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വീശദീകരണം ചര്‍ച്ച ചെയ്യാനിരിക്കവേയാണു കണ്‍വീനര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത്.
