ട്വന്റി20 ക്രിക്കറ്റിൽ തന്റെ സഹഓപ്പണറായ അഭിഷേക് ശർമയെ പ്രശംസിച്ച് മലയാളി താരം സഞ്ജു സാംസണ്. ഇരുവരും മാറിമാറി ആക്രമണം നടത്തുന്ന രീതി കൈക്കൊള്ളുന്നതുകൊണ്ട് ഞങ്ങൾ തീയും ഐസുമല്ല, തീയും തീയും എന്നാണ് സഞ്ജു വിശേഷിപ്പിച്ചത്. ഒരു കോണ്‍ക്ലേവിൽ പങ്കെടുത്ത് സംസാരിക്കവേയാണ് താരത്തിന്റെ പ്രതികരണം.
“ഞങ്ങൾ തീയും ഐസുമല്ല, തീയും തീയുമാണ്. ചില സമയങ്ങളിൽ അവൻ കത്തും, ചിലപ്പോൾ ഞാനും. അത്തരമൊരു കൂട്ടുകെട്ടാണ് ഞങ്ങളുടേത്. 2024 മുതൽ ഈ രീതി ഞങ്ങൾ പിന്തുടരുന്നു. ഒരു കേരളീയ- പഞ്ചാബി സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്.
എല്ലാം വളരെ സ്വാഭാവികമായി തന്നെ വരുന്നതാണ്. ബോൾ എങ്ങനെയാണ് വരുന്നതെന്ന് അഭിഷേക് എന്നോടു ചോദിക്കും. സാധാരണ രീതിയിൽ ആണ് വരുന്നതെന്നും സിക്സടിച്ചോയെന്നുമായിരിക്കും ഞാൻ പറയുക. അഭിഷേക് വളരെ ധൈര്യശാലിയായ വ്യക്തിയാണ്. കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ട് എനിക്ക് ഏറെ ഇഷ്ടവുമാണ്”- സഞ്ജു വ്യക്തമാക്കി.
ട്വന്റി20 ലോകകപ്പിൽ കണ്ടത് സഞ്ജുവിന്റെ ഐതിഹാസിക തിരിച്ചുവരവായിരുന്നു. ആദ്യ മത്സരങ്ങളിൽ തിളങ്ങാനാവാതെ പോയെങ്കിലും പിന്നീട് ക്രീസിൽ നിലയുറപ്പിച്ചു. വെസ്റ്റ് ഇൻഡീസിനെതിരേ ക്വാർട്ടർഫൈനലിന് തുല്യമായ സൂപ്പർ എട്ട് മത്സരത്തിലും പിന്നാലെ സെമിയിലും ഫൈനലിലും അർധ സെഞ്ചുറികളുമായി തകർത്തടിച്ചു. ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ്പ് റണ്‍സ് സ്കോററായ സഞ്ജു പ്ലയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരത്തിനും അർഹനായി.
