ഉപ്പുതറ: ഇടുക്കി വന്യജീവി സങ്കേതത്തിലെ ഉൾഗ്രാമമായ മേമാരി ആദിവാസി ഗ്രാമത്തിലേക്കുള്ള റോഡുനിർമാണം പാതിവഴിയിൽ മുടക്കിയ കരാറുകാരനെതിരേ പ്രതിഷേധം ശക്തമാകുന്നു. അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. ഇത് രണ്ടാം തവണയാണ് നിർമാണം മുടങ്ങുന്നത്. ഇതേത്തുടർന്ന് മേമാരി ഉന്നതിയിലെ ആദിവാസികൾ റോഡ് ഉപരോധിച്ചു.
2021 -22ൽ പട്ടികവർഗ വികസന വകുപ്പാണ് അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചത്. കഴിഞ്ഞ വർഷം 400 മീറ്റർ റോഡ് നിർമിച്ചശേഷം നിർമാണം മുടങ്ങി. ഈ വർഷം വീണ്ടും 400 മീറ്റർ നിർമിച്ചശേഷം ബാക്കിഭാഗം നിർമിക്കാൻ കരാറുകാരൻ തയാറായിട്ടില്ല.
ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പശ്ചാത്തല സൗകര്യമൊരുക്കി ജീവനോപാധികൾ മെച്ചപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിൽ തുടക്കം മുതൽ തടസം നേരിട്ടിരുന്നു.ഫണ്ട് അപര്യാപ്തതയാണ് കാരണമായി പറഞ്ഞത്. അനുവദിച്ച ഒരുകോടി മതിയാവില്ലെന്ന കാരണത്താൽ സമഗ്ര വികസനം റോഡ് നവീകരണം മാത്രമായി അധികൃതർ ചുരുക്കിയെന്നാണ് ആക്ഷേപം.
വന്യമൃഗങ്ങളെ ഭയന്ന് കിലോമീറ്ററുകൾ നടന്നുവേണം ഉന്നതി നിവാസികൾക്ക് പുറംലോകത്തെത്താൻ. ഇവർക്ക് ചികിത്സയ്ക്ക് പോകാൻപോലും മാർഗമില്ല. കരാറുകാരൻ രണ്ടു വർഷം കൊണ്ട് 800 മീറ്റർ കോൺക്രീറ്റ് ചെയ്തു ബാക്കിഭാഗം മണ്ണിളക്കിയിട്ടിരിക്കുകയാണ്. വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചെളിയും കാരണം ആദിവാസികൾ വലിയ പ്രതിസന്ധിയിലാണ്.
പലതവണ കരാറുകാരനുമായി ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മേമാരി ഉന്നതിയിലെ ആദിവാസികൾ സംഘടിച്ച് റോഡ് ഉപരോധിച്ചത്.പ്രശ്നപരിഹാരം ഉണ്ടാകാത്തപക്ഷം പ്രോജക്ട് ഓഫീസിന് മുന്നിൽ സത്യഗ്രഹം, കളക്ടറേറ്റിന് മുന്നിൽ കുടിൽകെട്ടി സമരം എന്നിവ നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.
ഉപരോധസമരത്തിന് ഉപ്പുതറ പഞ്ചായത്തംഗം ഇ.ആർ. ചന്ദ്രകുമാർ, ചെമ്പകപ്പാറ ഉന്നതി മൂപ്പൻ ടി.ഇ. തങ്കച്ചൻ, മേമാരി ഉന്നതി മൂപ്പൻ കുഞ്ഞൂഞ്ഞ് രാഘവൻ എന്നിവർ നേതൃത്വം നൽകി.
