കോട്ടയം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കന് സീറ്റില്ല. വാഴയ്ക്കനെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ എട്ടുമണ്ഡലങ്ങളിലേക്കാണു പരിഗണിച്ചിരുന്നത്.ഒടുവില്‍ ഏറ്റുമാനൂര്‍ സീറ്റിൽ വാഴയ്ക്കൻ സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, വാഴയ്ക്കനു പകരം കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാകും ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത.
നാട്ടകം സുരേഷിന്റെ പേര് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്കും പരിഗണിച്ചിരുന്നു. നാട്ടകം സുരേഷ് ഏറ്റുമാനൂരിലേക്കു മാറിയാല്‍ പ്രഫ. റോണി കെ. ബേബിയാകും കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുക.പൂഞ്ഞാറില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, സജി ജോസഫ് എന്നിവരാണു പരിഗണനയിലുള്ളത്.
ജില്ലയിലെ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.മൂന്നിടങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ വൈകുന്നതില്‍ ഡിസിസി നേതൃത്വത്തിനു അങ്കലാപ്പുണ്ട്.
ഏറ്റുമാനൂരില്‍ വി.എന്‍. വാസവന്, കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.പൂഞ്ഞാറില്‍ ബിജെപി സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജും മത്സരരംഗത്തുണ്ട്.അതേസമയം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ചങ്ങനാശേരിയിലും പ്രതിഷേധം പുകയുകയാണ്.
കേരള കോണ്‍ഗ്രസ് നേതാവ് വിനു ജോബാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി.കേരള കോണ്‍ഗ്രസിലെ വി.ജെ. ലാലിയാണു സ്ഥാനാര്‍ഥിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.
