കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വം ഇടപെടുന്നു. വീട് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ ഫൈസൽ ബാബു പറഞ്ഞു.
മുനീർ സാഹിബിന്റെ സങ്കടം നമ്മളുടേത് കൂടെയാണ്, ആ സങ്കടം അവശേഷിക്കാൻ അനുവദിക്കില്ല. “ക്രസന്റ് ഹൗസ്’ എന്നത് ഡോ എം.കെ. മുനീർ സാഹിബിന്റെ മാത്രം വീടല്ല, അത് നമ്മൾ ഒരോരുത്തരുടെയും വീടാണ്. പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബും ലക്ഷോപലക്ഷം അണികളും നേതൃത്വം നൽകുന്ന ഈ പാർട്ടി മുനീർ സാഹിബിനെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസോടെ സംരക്ഷിക്കും.
വീട് നഷ്ടപ്പെടുക എന്നല്ല, വീട് നഷ്ടപ്പെടും എന്ന ചർച്ചയ്ക്ക് പോലും ഇനി പ്രസക്തിയില്ലെന്നും ഫൈസൽ ബാബു പറഞ്ഞു. വിഷയത്തില്‍ ഇടപെടാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കാലിക്കട്ട് ടൗൺ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശികയെത്തുടർന്ന് കോഴിക്കോട് നടക്കാവിലെ മുനീറിന്റെ “ക്രസന്റ് ഹൗസി’ന് ജപ്തി ഭീഷണി നോട്ടീസ് ലഭിച്ചിരുന്നു. പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്. ഈ മാസം 31നകം തുക അടച്ചുതീർക്കാത്തപക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്ക് നോട്ടീസ്.
