ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ, പ്രതിസന്ധി മറികടക്കാൻ വേറിട്ട വഴിയുമായി ഒരു ഹോട്ടൽ. ബംഗളൂരുവിലെ ഹൊസൂരിലുള്ള ഇറോഡ് എമ്മിസ് മെസ് ആണ് സിലിണ്ടർ നൽകുന്നവർക്ക് ഒരു മാസം മുഴുവൻ ബിരിയാണി സൗജന്യമായി നൽകുന്ന തകർപ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു വാണിജ്യ സിലിണ്ടർ നൽകുന്നവർക്ക് ഒരു മാസം എല്ലാ ദിവസവും ഒരു നേരം ബിരിയാണി സൗജന്യമായി ലഭിക്കും. ഇനി രണ്ട് സിലിണ്ടറുകൾ നൽകാൻ തയാറുള്ളവർക്കാകട്ടെ, ഒരു മാസം മുഴുവൻ രണ്ട് നേരം വീതം ബിരിയാണി ആസ്വദിക്കാം. “നിങ്ങൾ ഗ്യാസ് തന്ന് ഞങ്ങളെ സഹായിക്കൂ, നിങ്ങളുടെ വയറു ഞങ്ങൾ നിറയ്ക്കാം’ എന്നെഴുതിയ ബോർഡുകൾ ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.
ഇതിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടലിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് ഉടമകൾ ഇത്തരമൊരു ബുദ്ധിപരമായ നീക്കം നടത്തിയത്.
ഉപയോഗിക്കാത്തതോ അധികമായുള്ളതോ ആയ സിലിണ്ടറുകൾ കൈമാറാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഹോട്ടലുടമയുടെ ഈ വിചിത്രമായ ബിസിനസ് തന്ത്രത്തെ ചിലർ പ്രശംസിക്കുമ്പോൾ, മറ്റ് ചിലർ ഇത് പ്രായോഗികമാണോ എന്ന സംശയത്തിലാണ്. എന്തായാലും ബിരിയാണി പ്രേമികൾക്കിടയിൽ ഈ “ഗ്യാസ്-ബിരിയാണി’ വിനിമയം വലിയ ചർച്ചയായിരിക്കുകയാണ്.
