പരവൂർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജിക്ഷാമം രൂക്ഷമായതോടെ, ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളിൽ പാചകം ചെയ്യാൻ റെയിൽവേ പ്രത്യേക അനുമതി നൽകി. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം ഗ്യാസ് വിതരണത്തിലുണ്ടായ തടസം ഐആർസിടിസി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തെ ബാധിച്ചതിനാലാണ് ഈ അടിയന്തര നടപടി.
സാധാരണയായി പാൻട്രി കാറുകൾക്കുള്ളിൽ പാചകം ചെയ്യാൻ അനുവാദമില്ലെങ്കിലും, യാത്രക്കാർക്ക് ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ “പ്രത്യേക കേസ്’ ആയി ഇത് അനുവദിക്കുകയായിരുന്നു. എന്നാൽ പാൻട്രി കാറുകളിൽ തീ ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്.
പകരം ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിച്ച് ചായ, ലഘുഭക്ഷണം, ലളിതമായ ഭക്ഷണങ്ങൾ എന്നിവ തയാറാക്കാം. മുംബൈയിൽ നിന്ന് ഡൽഹി, ഹൗറ, ചെന്നൈ, ബഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന 24 മണിക്കൂറിലധികം യാത്രാ ദൈർഘ്യമുള്ള ട്രെയിനുകൾക്കാണ് ഈ അനുമതി ബാധകമാകുക.
നിലവിൽ പുറത്തെ അടുക്കളകളിൽ നിന്ന് പാകം ചെയ്ത് എത്തിക്കുന്ന ഭക്ഷണം വീണ്ടും ചൂടാക്കി നൽകുന്നതിനെതിരേ വ്യാപക പരാതി ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ അസംസ്കൃത വസ്തുക്കൾ വാങ്ങി ട്രെയിനിൽ വച്ച് തന്നെ ഭക്ഷണം തയാറാക്കാൻ കരാറുകാർക്ക് നിർദേശം നൽകി.
അതേസമയം, പാൻട്രി കാറുകൾ ഇല്ലാത്ത വന്ദേ ഭാരത് ട്രെയിനുകളിൽ പഴയ രീതിയിൽ തന്നെ തുടരും. ഭാവിയിൽ 60 ലക്ഷം രൂപ ചെലവ് വരുന്ന തീയില്ലാത്ത ആധുനിക പാൻട്രി കാറുകൾ വ്യാപകമാക്കാനും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ തയാറെടുപ്പുകളും പ്രാരംഭ പ്രവർത്തനങ്ങളും അധികൃതർ ഇതിനകം ആരംഭിച്ച് കഴിഞ്ഞു.
- എസ്.ആർ. സുധീർ കുമാർ
