ഇടുക്കി: മറയൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് ഭീതിപരത്തി. പഞ്ചായത്ത് ഓഫീസിലും ഹോട്ടലിലും കയറി നാശനഷ്ടങ്ങള്‍ വരുത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ ഏഴോടെയാണ് മറയൂര്‍ ടൗണിനെ ആശങ്കയിലാഴ്ത്തി കാട്ടു പോത്തിറങ്ങിയത്. പട്ടിക്കാട് ഭാഗത്തു നിന്നാണ് കാട്ടുപോത്ത് എത്തിയത്.
രാവിലെ ശുചീകരണത്തിനായി തുറന്ന മറയൂര്‍ പഞ്ചായത്ത് ഓഫീസിനുള്ളിലാണ് കാട്ടുപോത്ത് ആദ്യം കയറിയത്. ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. ഓഫീസിലെ ഉപകരണങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയ കാട്ടുപോത്ത് ഏറെ നേരം ഇതിനുള്ളില്‍ കുടുങ്ങി.
വിവരമറിഞ്ഞെത്തിയ വനംവകുപ്പും നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് പോത്തിനെ പുറത്തിറക്കിയത്. തുടര്‍ന്ന് സമീപത്തെ ഹോട്ടലില്‍ കയറിയ പോത്ത് അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും ഫര്‍ണിച്ചറുകളും തകര്‍ത്തു. പിന്നീട് ടൗണിനു സമീപത്തെ ആദിവാസി മേഖലയായ കുമുട്ടാംകുഴിയിലെത്തി.
വിളറി പിടിച്ചോടിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി കോളനിയിലെ കാമാക്ഷി, സെല്‍വി എന്നിവര്‍ക്ക് പരിക്കേറ്റു.ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപോത്ത് കാടു കയറാത്തതിനാല്‍ പ്രദേശത്ത് പോലീസും വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
