തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എസ്ഡിപിഐ പിന്തുണ നൽകിയതിൽ ഡിവൈഎഫ്ഐയിലെയും എസ്എഫ്ഐയിലെയും ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷം.എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരെ കായികമായി നേരിടുന്ന എസ്ഡിപിഐയോടുള്ള മൃദുസമീപനം പ്രത്യയശാസ്ത്രത്തിന് നിരക്കാത്തതാണെന്നാണ് യുവജനങ്ങളുടെ ആക്ഷേപം. വര്‍ഗീയതയ്ക്കെതിരേ പേരാടിയതിനാണ് അഭിമന്യുവിന്റെ ജീവന് ബലി കൊടുക്കേണ്ടി വന്നത്.
അഭിമന്യൂവിനെ കൊലപ്പെടുത്തിയവരെയും അതിനു സഹായം ചെയ്തവരെയും പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്തവരാണ് എസ്ഡിപിഐക്കാർ. അത്തരക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ സിപിഎം നേതാക്കളുടെ അവസരവാദ നിലപാടിനോടാണ് പാര്‍ട്ടിയിലെ യുവാക്കളുടെ അമര്‍ഷം.
അഭിമന്യുവിന് നീതി വാങ്ങികൊടുക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കേസ് നടത്തിപ്പിലും പോരായ്മകള്‍ സംഭവിച്ചുവെന്നാണ് യുവാക്കളുടെ വിമര്‍ശനം.
എല്ലാ വര്‍ഗീയതകളെയും അകറ്റി നിര്‍ത്തുകയാണ് പാര്‍ട്ടി ലക്ഷ്യമെന്ന് പറഞ്ഞ സിപിഎം നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന സമീപനമാണ് എസ്ഡിപിഐയുമായുള്ള ധാരണയെന്നാണ് യുവനേതാക്കളുടെ വിമര്‍ശനം.
സിപിഎമ്മിന്റെ അവസരവാദ നിലപാട് കേരളത്തില്‍ ബിജെപിയെ വളര്‍ത്താന്‍ ഇടയാക്കുമെന്നാണ് എസ്എഫ്ഐയിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം യുവാക്കളുടെ വിമര്‍ശനം. എന്നാല്‍ പരസ്യ വിമര്‍ശനത്തിന് ആരും തയാറായിട്ടില്ലെങ്കിലും നേതാക്കളോട് ഇവർ തങ്ങളുടെ കടുത്ത നീരസം പ്രകടമാക്കിയിട്ടുണ്ട്.
