ന്യൂഡൽഹി: പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഭീകരസംഘടനയായ ജെയ്ഷെ ഇ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഇന്നലെ ബഹാവൽപുരിലെ ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിലായിരുന്നു സംസ്കാരം. അൻവറിന്റെ മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
മസൂദ് അസറിന്റെ അഞ്ചു സഹോദരന്മാരിൽ ഒരാളായ അൻവർ, ജെയ്ഷെ ഇ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിച്ചിരുന്ന കൊടുംഭീകരനായിരുന്നു. സംഘടനയുടെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇയാൾ സജീവമായിരുന്നുവെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.
പഹൽഗാം ഭീകരാക്രമണത്തിനു പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണത്തിൽ തന്റെ കുടുംബത്തിലെ പത്തോളം അംഗങ്ങൾ കൊല്ലപ്പെട്ടതായി മസൂദ് അസർ കഴിഞ്ഞ വർഷം അവകാശപ്പെട്ടിരുന്നു. ബഹാവൽപുരിലെ ജെയ്ഷെ ആസ്ഥാനമായ ജാമിയ മസ്ജിദ് കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തിൽ തന്റെ മൂത്ത സഹോദരിയും ഭർത്താവും മരുമക്കളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായാണ് അസർ പറഞ്ഞിരുന്നത്.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസർ, 2001-ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം, 2016-ലെ പത്താൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യയിൽ അരങ്ങേറിയ നിരവധി ഭീകരാക്രമണങ്ങളുടെ പിന്നിലെ പ്രധാനിയാണ്. 1994-ൽ ഇന്ത്യയിൽ അറസ്റ്റിലായ അസറിനെ 1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയതിനെത്തുടർന്നാണ് വിട്ടയച്ചത്.
