ദുബായ്: ഇറാനിലെ പ്രധാന നഗരങ്ങളിലൊന്നായ ഇസ്ഫഹാനിൽ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് അതിശക്തമായ സ്ഫോടനം. ഇന്നു പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആയുധശേഖരങ്ങൾ ലക്ഷ്യമിട്ടായിരുന്നു സംയുക്ത ആക്രമണം.
ഇവിടെ ഏകദേശം 540 കിലോഗ്രാം യുറേനിയം ശേഖരം ഇറാൻ രഹസ്യമായി സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ കനത്ത സ്ഫോടനങ്ങളും അഗ്നിഗോളങ്ങൾ ഉയരുന്നതും കാണാം.
ഏകദേശം 907 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആയുധപ്പുരയ്ക്കു മുകളിൽ പതിച്ച ബോംബുകൾ വലിയ തോതിലുള്ള തുടർസ്ഫോടനങ്ങൾക്കും കാരണമായി.
കഴിഞ്ഞ വർഷം ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന പേരിൽ ഇതേ മേഖലയിലെ ആണവ നിലയങ്ങൾക്കുനേരേ യുഎസ് ആക്രമണം നടത്തിയിരുന്നു.അത്യന്തം അപകടകരമായ രീതിയിൽ യുദ്ധം രണ്ടാം മാസത്തിലേക്കു കടക്കുമ്പോളുണ്ടായ ആക്രമണം മേഖലയിൽ വലിയ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.
ഇറാൻ ചർച്ചകൾക്ക് തയാറാകുകയോ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുകയോ ചെയ്യാത്ത പക്ഷം ഇറാന്റെ ആണവ കേന്ദ്രങ്ങളും ജല-വൈദ്യുത പദ്ധതികളും തകർക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇസ്ഫഹാനിൽ ആക്രമണമുണ്ടായത്.അതേസമയം, പാക്കിസ്ഥാൻ, ഈജിപ്ത്, സൗദി, തുർക്കി എന്നീ രാജ്യങ്ങൾ പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകൾ തുടരുകയാണ്.
