പരവൂർ: ഭാരതത്തിന്റെ ഡിജിറ്റൽ സാമ്പത്തിക രംഗത്തെ നട്ടെല്ലായി മാറിയ യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നാളെ പത്ത് വർഷം പൂർത്തിയാക്കുന്നു. 2016 ഏപ്രിൽ 11ന് പ്രവർത്തനം ആരംഭിച്ച യുപിഐ ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമായി മാറിയിരിക്കുകയാണ്.
2017 സാമ്പത്തിക വർഷത്തിൽ വെറും 1.7 കോടി ഇടപാടുകൾ മാത്രം നടന്നിരുന്ന സ്ഥാനത്ത് നിന്ന് 2026-ൽ എത്തുമ്പോൾ ഇടപാടുകളുടെ എണ്ണം 21,900 കോടിയായി ഉയർന്നു. പത്ത് വർഷത്തിനിടെ ഇടപാടുകളുടെ എണ്ണത്തിൽ 12,000 ഇരട്ടിയും മൂല്യത്തിൽ 4000 ഇരട്ടിയുമാണ് വർധനയുണ്ടായത്.
തുടക്കത്തിൽ സാവധാനത്തിലായിരുന്ന യുപിഐയുടെ വളർച്ച കോവിഡ് കാലത്താണ് വൻ കുതിച്ചുചാട്ടം നടത്തിയത്. 2017-ൽ 6,952 കോടി രൂപയുടെ ഇടപാടുകൾ നടന്ന സ്ഥാനത്ത് 2026 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം 285 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്.
ഇന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത പണമിടപാട് രീതിയായി യുപിഐ മാറി.വിപണിയിലെ പ്രമുഖരായ ഫോൺപേ, ഗൂഗിൾ പേ എന്നിവയാണ് യുപിഐ ഇടപാടുകളിൽ 80 ശതമാനവും നിയന്ത്രിക്കുന്നത്. 46 ശതമാനം വിപണി പങ്കാളിത്തവുമായി ഫോൺപേ ഒന്നാമതും ഗൂഗിൾ പേ രണ്ടാമതുമാണ്.
പേടിഎം, ക്രെഡ്, ഭീം ആപ്പ് തുടങ്ങിയവയാണ് തൊട്ടുപിന്നാലെയുള്ളത്. ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം വന്നതോടെ ഇടപാടുകളുടെ വേഗത ഇനിയും വർധിച്ചു. കറൻസി നോട്ടുകളെ ആശ്രയിക്കുന്ന രീതിയിൽ നിന്ന് ഡിജിറ്റൽ ഇടപാടുകളിലേക്ക് ഇന്ത്യൻ ജനതയെ മാറ്റിയെടുക്കുന്നതിൽ യുപിഐ നിർണായക പങ്കാണ് വഹിച്ചത്. വരും വർഷങ്ങളിൽ വിദേശ രാജ്യങ്ങളിലേക്കും യുപിഐ സേവനം കൂടുതൽ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
- എസ്. ആർ. സുധീർ കുമാർ
