കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുന്നതിന് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയതായുള്ള ദൃക്സാക്ഷികളുടെ മൊഴിയും പോലീസിന് ലഭിച്ചിരുന്നു. കോളജിനകത്തുള്ള സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രിൻസിപ്പലിന്റെ മുറിയിൽ എന്തു സംഭവിച്ചെന്നും ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപികയുടെ നന്പർ നല്‍കിയത് നിതിൻ തന്നെയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അധ്യാപകരുടെ പീഡനത്തിനു പുറമെ ലോൺ ആപ്പ് കുരുക്കും നിതിന്റെ മരണകാരണമായാണ് അന്വേഷണസംഘം പറയുന്നത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ കേസെടുത്ത അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമും അസോ. പ്രഫസര്‍ ഡോ. കെ.ടി. സംഗീത നമ്പ്യാരും ഒളിവില്‍ പോയെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പോലീസ് സ്ഥിരീകരിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റവും പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
