കോട്ടയം: വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെ ജില്ലയുടെ വിവിധ പ്രദേങ്ങളില്‍ അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. രാത്രികാലങ്ങളിലാണു മിക്കപ്പോഴും വൈദ്യുതി മുടക്കം നേരിടുന്നത്. ഇതിനു പുറമെ വിവിധ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് കുറയുന്നതും പതിവാണ്. കടുത്തചൂട് അനുഭവപ്പെടുന്നതിനാല്‍ പകല്‍, രാത്രി വ്യത്യാസമില്ലാതെ എസി, ഫാന്‍ ഉപയോഗം വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്.
രാത്രികാലങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കടുത്ത ചൂടിലും അമിതലോഡ് മൂലവും പലപ്പോഴും ട്രാന്‍സ്ഫോര്‍മര്‍ കേടായി പോകുന്നതും പതിവു സംഭവമായി മാറിയിട്ടുണ്ട്. തകരാറിലാകുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ പലപ്പോഴും നിരവധി ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ജോലി ചെയ്താണു നന്നാക്കുന്നത്.
ഇത്തവണ വേനല്‍ക്കാലത്ത് 6000 മെഗാവാട്ട് വൈദ്യുതി വരെ പീക്ക് സമയത്ത് വേണ്ടിവരുമെന്ന് കെഎസ്ഇബി കണക്കുകൂട്ടിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന ഉപയോഗം പുതിയ റിക്കാർഡായ 117.155 ദശലക്ഷം യൂണിറ്റിലേക്കും പീക്ക് സമയ ഉപയോഗം 6033 മെഗാവാട്ടിലേക്കും എത്തിയിരുന്നു.
എന്നാല്‍ 6,300 മെഗാവാട്ട് വൈദ്യുതി വരെ തടസമില്ലാതെ വിതരണം ചെയ്യാനാകുമെന്നും ഇതുകടന്നാല്‍ ഓവര്‍ലോഡ് ക്രമീകരിക്കാന്‍ നിയന്ത്രണം വേണ്ടിവരുമെന്നുമാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇടുക്കിയില്‍ നിലവില്‍ 36 ശതമാനം മാത്രമാണ് ജലനിരപ്പുള്ളത്.
എന്നാല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഓവര്‍ലോഡ് കാരണം ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് പോകുന്നതടക്കമുള്ള പ്രശ്നങ്ങളാണ് വൈദ്യുതി തടസത്തിനു കാരണമെന്നുമാണ് കെഎസ്ഇബി അധികൃതര്‍ നൽകുന്ന വിശദീകരണം.
വിശ്രമമില്ലാതെ ജീവനക്കാര്‍
കടുത്ത വേനലില്‍ ഉപയോഗം കൂടിയതോടെ വൈദ്യുതി ലൈനുകള്‍ക്ക് അമിതഭാരം താങ്ങാന്‍ കഴിയാതെ പലയിടത്തും വൈദ്യുതി മുടങ്ങുന്നതോടെ വിശ്രമമില്ലാതെ കെഎസ്ഇബി ജീവനക്കാര്‍. രാത്രികാലങ്ങളിലാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നത്. എസി, ഫാന്‍ എന്നിവയ്ക്കു പുറമെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും രാത്രിയിലാണ്.
ലോഡ് താങ്ങാന്‍ കഴിയാതെ മിക്ക ട്രാന്‍സ്ഫോര്‍മറുകളുടെയും ഫ്യൂസ് തനിയെ കട്ടാകുന്നതാണു വൈദ്യുതി മുടക്കത്തിനു കാരണം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയിലെ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഓരോ ട്രാന്സ്ഫോര്മറുകളിലൂടെയും ശേഷിയുടെ ഇരട്ടി വൈദ്യുതിയാണു പ്രവഹിക്കുന്നത്. ഒരു ദിവസംതന്നെ ഒന്നും രണ്ടും തവണ ഫ്യൂസ് കട്ടാകാറുണ്ടെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറയുന്നു. ലൈന്മാന്മാരുടെ ജോലിഭാരവും ഇരട്ടിയായി.
വൈദ്യുതി പോകുന്ന സമയംതന്നെ കെഎസ്ഇബി ഓഫീസിലേക്ക് വിളിവരും. പാതിരാത്രിയായാലും പ്രശ്നം കണ്ടെത്തി പരിഹരിക്കണം. ലൈന്‍ തകരാറായാല്‍ വലിച്ചുകെട്ടല്‍ ഏറെ പ്രയാസമാണ്. കടുത്ത ചൂടില്‍ പോസ്റ്റില്‍ കയറുന്നതിലും അപകടസാധ്യതയുണ്ട്. ചൂടുകാരണം വൈദ്യുതിക്കമ്പി തൊടാന്‍പറ്റാത്ത അവസ്ഥയിലായിരിക്കും. രണ്ടോ മൂന്നോ പേരാണ് രാത്രിജോലിക്ക് ഉണ്ടാകുക. ഇവരെക്കൊണ്ട് എല്ലായിടത്തും ഒരേസമയം ഓടിയെത്തി പ്രശ്നം പരിഹരിക്കുക അസാധ്യമാണ്.
