തൃശൂർ: പൂരക്കാഴ്ചകളുടെ വിസ്മയങ്ങൾ ലോകത്തിനു കാണിച്ചുകൊടുക്കാൻ നെയ്തലക്കാവിലമ്മ എഴുന്നള്ളിയെത്തി തെക്കേ ഗോപുരനട തുറന്നതോടെ പൂരവിളംബരമായി. കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിവന്ന് വടക്കുന്നാഥന്റെ തെക്കേ ഗോപുര തുറന്നിട്ടപ്പോൾ ആ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പൂരപ്രേമികൾ തേക്കിൻകാട് മൈതാനിയിൽ നിറഞ്ഞുനിന്നു.
ചടങ്ങു മാത്രമാണെങ്കിലും അഴകൊട്ടും കുറയാതെയായിരുന്നു നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പും മേളവും. 36 മണിക്കൂർ നീളുന്ന പൂരങ്ങൾ പലതുകണ്ട പുരക്കമ്പക്കാർ ഇത്തവണത്തെ പൂരം എങ്ങനെയുണ്ടെന്ന് അറിയാനും കാണാനും പൂരനഗരിയിലേക്ക് എത്തുമെന്ന് ഉറപ്പ്.
തിരുവമ്പാടിയുടെ ആനച്ചമയ പ്രദർശനം കൂടി ഇന്ന് ആരംഭിച്ചതോടെ കൗസ്തുഭത്തിലും പാറമേക്കാവിന്റെ ചമയക്കാഴ്ചകൾ നിരത്തിയ അഗ്രശാലയിലും തിരക്കേറി. ആനകളുടെ ഫിറ്റ്നസ് പരിശോധന നടന്നുവരികയാണ്. പൂരക്കച്ചവടക്കാർ നഗരത്തിൽ തമ്പടിച്ചു കഴിഞ്ഞു. കോവിഡ് എന്ന മഹാമാരിക്കാലത്ത് വെട്ടിക്കുറച്ച് ചടങ്ങു മാത്രമാക്കി നടത്തിയ പൂരം ഇപ്പോൾ ഒരു മഹാദുരന്തത്തിനുശേഷം വീണ്ടും വെട്ടിക്കുറച്ചു നടത്തുകയാണ്.
നാളെ പൂരദിവസം രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥന്റെ മണ്ണിലെത്തുന്നതോടെ മഹാപൂരത്തിനു തുടക്കമാകും. പൊലിമ കുറച്ചാണു പൂരാഘോഷമെങ്കിലും മറ്റ് എഴുന്നള്ളിപ്പുകൾക്കും മാറ്റമില്ല. ഘടകപൂരങ്ങൾക്ക് ആനകൾ കുറയ്ക്കണമെന്ന അഭിപ്രായം ഉയർന്നിരുന്നെങ്കിലും ക്ഷേത്രക്കമ്മിറ്റികളുടെ വിയോജിപ്പിനെ തുടർന്ന് അക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
തിരുവന്പാടിയുടെ മഠത്തിൽവരവ്, പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം എന്നിവ മാറ്റമില്ലാതെ പഴയപടി തുടരും. തുടർന്നുള്ള കുടമാറ്റം 15 മിനിട്ടാക്കി ചുരുക്കാനാണു തീരുമാനമെടുത്തിട്ടുള്ളത്. ഇരുവിഭാഗത്തിനും ആനകൾ 15വീതമുണ്ടാകും. അതിനുശേഷം രാത്രി എഴുന്നള്ളിപ്പുകളും പകൽപ്പൂരവും മാറ്റമില്ലാതെ തുടരും. സാന്പിൾ വെടിക്കെട്ട് ഉപേക്ഷിച്ചപോലെ 27നു പുലർച്ചെ നടക്കേണ്ടിയിരുന്ന പൂരത്തിന്റെ പ്രധാന വെടിക്കെട്ടും പകൽപ്പൂരത്തിനുശേഷം പാറമേക്കാവ്, തിരുവന്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു കഴിഞ്ഞുള്ള പകൽ വെടിക്കെട്ടും ഉണ്ടാകില്ല.
ശിവരാജുവിന്റെഅഴകിൽ തൃശിവപുരി !
തൃശൂർ: നേരത്തെ വന്നപോലെയല്ല, കൊന്പൻ തൃക്കടവൂര്‍ ശിവരാജു പൂരനഗരിയിൽ ഇത്തവണ കാലുകുത്തിയത് വിശ്വപൂരത്തിനു പാറമേക്കാവിലമ്മയുടെ തിടമ്പേറ്റുന്ന പുതിയ ഗജനായകനായാണ്.ഇന്നു രാവിലെ പാറമേക്കാവ് ക്ഷേത്രനടയിലെത്തിയ ശിവരാജുവിനു ദേവസ്വം ഭാരവാഹികളുടെയും പൂരപ്രേമികളുടെയും നേതൃത്വത്തിൽ സ്വീകരണം നല്കി.
വടക്കുന്നാഥനെ വണങ്ങിയശേഷം കിഴക്കേഗോപുരം വഴി പുറത്തിറങ്ങിയ കൊന്പനെ പാണ്ടിമേളത്തിന്റെ അകന്പടിയോടെയാണു ആരാധകർ സ്വീകരിച്ചത്. തുർന്ന് പാറമേക്കാവ് ക്ഷേത്രനടയിലേക്ക് ആനയിച്ചു. തെക്കിന്റെ തേവർ ഗജരാജ മന്നാടിയാർ തൃക്കടവൂര്‍ ശിവരാജു എന്ന വിശേഷണത്തോടെയാണു പൂരനഗരിയിൽ അവൻ എത്തിയിരിക്കുന്നത്.
മഹാപൂരത്തിനു തിടന്പേറ്റാൻ തയാറെടുക്കുന്ന കൊന്പനെ കൊല്ലം തൃക്കടവൂർ ക്ഷേത്രഭാരവാഹികളും പൂരപ്രേമികളും വൻ ആവേശത്തോടെയാണു യാത്രയാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനയായ ശിവരാജുവിന് ആരാധകരാണ് ഏക്കത്തുകയായ രണ്ടരലക്ഷം രൂപ നല്‍കിയത്. കൊല്ലത്തുനിന്ന് ശിവരാജു പുറപ്പെടുന്ന കാഴ്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
ആനയുടെ ഫിറ്റ്നസ് സംബന്ധിച്ച് വിദഗ്ധ ഡോക്ടർമാരുടെ അനുകൂല റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണു പൂരത്തിൽ പങ്കെടുക്കാൻ ശിവരാജുവിന് അനുമതി ലഭിച്ചത്.
തൃശൂര്‍ പൂരത്തിന് ഉച്ചയ്ക്ക് പാറമേക്കാവിന്റെപുറപ്പാട് മുതൽ ഇലഞ്ഞിത്തറയിലും പിന്നീടുള്ള തെക്കോട്ടിറക്കത്തിലും കുടമാറ്റത്തിനും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നതു തൃക്കടവൂര്‍ ശിവരാജുവാണ് .ശിവരാജു ഒരു തവണ പൂരത്തിന് പങ്കെടുത്തിട്ടുണ്ടെങ്കിലും പാറമേക്കാവിലമ്മയുടെ തിടമ്പേറ്റാനുള്ള നിയോഗം ഇതാദ്യമായാണു ലഭിക്കുന്നത്.
