ബോളിവുഡ് താരങ്ങളായ അർച്ചന പുരൺ സിംഗിന്റയും പർമീത് സേത്തിയുടെയും മകൻ ആയുഷ്മാൻ സേത്തിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 87,000 രൂപ നഷ്ടമായി. ഒരു ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെയാണ് പണം നഷ്ടപ്പെട്ടത്.
ഒരു വെബ്സൈറ്റിൽ ഏഴ് ദിവസത്തെ സൗജന്യ ട്രയലിനായി ആയുഷ്മാൻ സൈൻ അപ്പ് ചെയ്തിരുന്നു. എന്നാൽ ഒരു വർഷത്തേക്കുള്ള സബ്സ്ക്രിപ്ഷൻ തുകയായ 87,000 രൂപ ആയുഷ്മാന്റെ അനുവാദമില്ലാതെ കാർഡിൽ നിന്ന് ഈടാക്കുകയായിരുന്നു.
സംഭവത്തെതുടർന്ന് ആയുഷ്മാന്റെ സഹോദരൻ ആര്യമാൻ പങ്കുവെച്ച വ്ലോഗിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. പണം നഷ്ടപ്പെട്ടതിൽ ആയുഷ്മാൻ പരിഭ്രാന്തനായെങ്കിലും കുടുംബം തമാശരൂപേണയാണ് ഇതിനോട് പ്രതികരിച്ചത്.
ആയുഷ്മാൻ എപ്പോഴും ധൃതി കാണിക്കുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള ചതിക്കുഴികളിൽ വീഴുന്നതെന്ന് അച്ഛൻ പർമീത് സേത്തി പരിഹസിച്ചു. മുൻപും ഒരു തവണ 80,000 രൂപ ഇത്തരത്തിൽ ആയുഷ്മാന് നഷ്ടമായിട്ടുണ്ടെന്ന് ആര്യമാൻ വ്ലോഗിൽ ഓർമ്മിപ്പിച്ചു. തട്ടിപ്പുകാരുടെ പതിവ് ഉപഭോക്താവാണ് ആയുഷ്മാൻ എന്ന് കുടുംബാംഗങ്ങൾ തമാശയായി പറഞ്ഞു.
