ഡെന്മാർക്ക്: രണ്ട് തവണ ഒളിന്പിക് മെഡൽ ജേതാവായ പി.വി. സിന്ധു അടങ്ങുന്ന ഇന്ത്യൻ സംഘത്തിന് വൻ പരാജയം. ഡെന്മാർക്കിലെ ഹോർസെൻസിൽ നടന്ന യൂബർ കപ്പ് ഫൈനലിൽ ചൈനയോട് 0-5ന് പരാജയപ്പെട്ട് ഇന്ത്യ ടൂർണമെന്റിലെ യാത്ര അവസാനിപ്പിച്ചു.
യൂബർ കപ്പ് ചരിത്രത്തിൽ വന്പൻ റിക്കാർഡുള്ള ടീമാണ് ചൈനയുടേത്. 16 കിരീടങ്ങളാണ് ചൈന സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് പ്രധാന മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ അവരോട് പരാജയപ്പെട്ടിരുന്നു.
ആദ്യ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരം വാംഗ് സിയി 16-21, 21-19, 19-21 സ്കോറിന് പി.വി. സിന്ധുവിനെ പരാജയപ്പെടുത്തി ചൈനയ്ക്ക് 1-0ന്റെ ലീഡ് നൽകി. ലോക ഒന്നാം നന്പർ ജോഡിയായ ലിയു ഷെങ് ഷു, ടാൻ നിങ് എന്നിവർക്ക് മുന്നിൽ പ്രിയ കൊൻജെങ്ബാം ശ്രുതി മിശ്ര സഖ്യത്തിന് പിടിച്ചുനിൽക്കാനായില്ല. ആദ്യ ഡബിൾസിൽ 11-21, 8-21 സ്കോറിന് ഇന്ത്യ പരാജയപ്പെട്ടു.
ലോക നാലാം നന്പർ ടോക്കിയോ ഒളിന്പിക് ചാന്പ്യൻ ചെൻ യൂഫെയ് 22-20, 21-13 സ്കോറിന് ഇഷറാണിയെ പരാജയപ്പെടുത്തി ചൈനയ്ക്ക് 3-0ന്റെ ലീഡ് നൽകി.ട്രീസ ജോളി- കവിപ്രിയ സെൽവം സഖ്യം ലുവോ സു മിൻ- ഷാങ് ഷു സിയാൻ സഖ്യത്തിനോട് 10-21, 21-12, 19-21 സ്കോറിന് പരാജയപ്പെട്ടു.
ഈ വർഷം തായ്ലന്ഡിൽ തന്റെ ആദ്യ സൂപ്പർ 300 കിരീടം നേടിയ 43-ാം നന്പർ താരമായ ദേവിക മികച്ച തുടക്കം കുറിച്ചെങ്കിലും മൂന്നാം സിംഗിൾസിൽ സു വെൻ ജിങ്ങിനോട് 21-19, 17-21, 10-21 സ്കോറിന് പരാജയപ്പെട്ടതോടെ ഇന്ത്യൻ വീഴ്ച പൂർണമായി.
