പത്തനംതിട്ട: പശ്ചിമേഷ്യൻ യുദ്ധത്തേ തുടർന്ന് ഉത്പന്ന ക്ഷാമമെന്ന പേരിൽ സർവത്ര വിലക്കയറ്റം. തട്ടുകടകളിലെ ചായ മുതൽ നിർമാണ സാമഗ്രികളുടെ വില വരെ കുതിച്ചുയരുകയാണ്.വാണിജ്യ സിലിണ്ടർ വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ മറവിൽ ഹോട്ടലുകളിലും തട്ടുകടകളിലും ആഹാര സാധനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വില കൂട്ടി.
ഹോട്ടലുകളിൽ ചായയ്ക്കും ചെറുകടിക്കും ഉച്ചയൂണിനും വില വർധിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി പോലും തേടാതെയാണ് വില വർധന നടപ്പാക്കിയത്. സിലിണ്ടർ കിട്ടാനില്ലെന്നും വലിയ വില കൊടുത്തു കരിഞ്ചന്തയിൽ നിന്ന് സിലിണ്ടർ എടുത്താണ് ഹോട്ടലുകളും തട്ടുകടകളും നടത്തിക്കൊണ്ടു പോകുന്നതെന്ന് വ്യാപാരികൾ പറയുന്നത്. പാലിന്റെ വില അടുത്ത ദിവസം കൂടുന്നതോടെ വീണ്ടും ചായയ്ക്കു വില കൂട്ടാനുള്ള തയാറെടുപ്പുമുണ്ട്. വില വർധിപ്പിക്കാതെ മേഖലയിൽ പിടിച്ചുനിൽക്കാനാകില്ലെന്നാണ് അവരുടെ വാദം.
വാണിജ്യ സിലിണ്ടറിന് മുന്പുണ്ടായിരുന്ന ക്ഷാമം ഇപ്പോഴില്ലെന്നാണ് ജില്ലാ സിവിൽ സപ്ലൈസ് അധികൃതർ പറയുന്നത്. ഗ്യാസ് സിലിണ്ടർ എണ്ണം കുറഞ്ഞപ്പോൾ വിറക് അടുപ്പിലേക്ക് മാറിയവരും ആഹാര സാധനങ്ങുടെ വില വർധിപ്പിച്ചു. ഇതോടെ വിറകിനും ഡിമാൻഡും വർധിച്ചു.
വില വിവര പട്ടികയില്ല
ഹോട്ടലുകളിലും ബേക്കറികളിലും വില വിവര പട്ടിക പ്രസിദ്ധീകരിക്കാറില്ല. ചിലർ സ്വന്തം നിലയിൽ വില വർധിപ്പിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ശബരിമല തീർഥാടനകാലത്തു മാത്രമാണ് സ്ക്വാഡ് പരിശോധനയെന്നു വ്യാപാരികൾക്കും അറിയാം.ഉച്ചയൂണിന് പത്ത് മുതൽ 30 രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ട്. ചായക്കും ചെറുകടിക്കും ഒറ്റയടിക്ക് മൂന്ന് രൂപയാണ് കൂട്ടിയത്.
ഒരു ചായ കുടിക്കണമെങ്കിൽ 15രൂപ കൊടുക്കണം. ചില്ലറ ക്ഷാമം കാരണം ചിലയിടങ്ങളിൽ 20 രൂപയും വാങ്ങും. ഭക്ഷണം കഴിച്ചവർ വിലവർധനയുടെ പേരിൽ തർക്കിക്കാറുണ്ടെങ്കിലും ചോദിക്കുന്ന തുക കൊടുത്തു മടങ്ങും. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് ഇങ്ങനെ തീക്കൊള്ള നടത്തുന്നതെന്ന് പരാതികളുണ്ട്.
വഴിയോരത്തെ തട്ടുകടകളിൽ നിന്ന് ചായ കുടിച്ചാൽ 15 രൂപ നൽകണം. കൂടെ ഒരു കടി കൂടെ എടുത്താൽ 30 രൂപയാകും. മുമ്പ് 20 രൂപയിൽ ഒതുങ്ങിയിരുന്ന വൈകുന്നേരത്തെ ചായകുടിക്ക് 10 രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ബേക്കറിയിൽ നിന്നും ഹോട്ടലിൽ നിന്നും ചായ കുടിച്ചാൽ ബില്ല് പിന്നെയും കൂടിയെന്നുവരും. ചോദ്യം ചെയ്താൽ പശ്ചിമേഷ്യൻ യുദ്ധം, വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം എന്നിങ്ങനെ പതിവുപല്ലവികൾ കാരണമായി ഉണ്ടാകും.
അധികൃതർക്ക് നിസംഗത
ഭക്ഷണ വിലയിലെ തീവെട്ടിക്കൊളള വ്യാപകമായിട്ടും അധികൃതർക്ക് അനക്കമില്ല. വില വർധനയെ സംബന്ധിച്ചു അധികൃതർ അറിഞ്ഞമട്ടില്ല. ആരും പരാതികൾ തന്നിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ആരുടെയും പരാതി ഇല്ലാതെ തന്നെ മിന്നൽ പരിശോധന നടത്താൻ ജില്ലാ കളക്ടർക്കും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസർമാർക്കും അധികാരം ഉണ്ടെന്നിരിക്കെയാണ് അനങ്ങാപ്പാറ നയം തുടരുന്നത്.
പാചകവാതക വില്പന സംബന്ധിച്ചുള്ള പരിശോധനകളും നിലച്ചു. വാണിജ്യ സിലിണ്ടറുകൾക്കു ക്ഷാമം ഉണ്ടായതോടെ ഗാർഹിക സിലിണ്ടറുകൾ ഹോട്ടലുകളിലേക്ക് മറിച്ചു നൽകുന്നുണ്ട്. ഇതിനും അമിത വില വാങ്ങിയാണ് നൽകുന്നത്.വാണിജ്യ സിലിണ്ടറുകൾ വിൽക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിന് അയവ് വരുത്തുകയും ലൈസൻസുള്ള കടകൾ നടത്തുന്നവർക്ക് സിലിണ്ടറുകൾ ലഭ്യമാക്കുകയും ചെയ്യുന്നതായ വിശദീകരണമാണ് അധികൃതർക്കുള്ളത്.
നിർമാണ മേഖലയിലുംവില ഉയർന്നു
നിർമാണ സാമഗ്രികൾ, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ഇവയുടെ വിലയിലും വൻ വർധനയാണുണ്ടാകുന്നത്. കന്പി, ഫാബ്രിക്കേഷൻ, വെൽഡിംഗ് ഐറ്റംസ് തുടങ്ങിയവയുടെ വില കുതിച്ചുയരുകയാണ്.ഇലക്ട്രിക്കൽ സാധനങ്ങൾക്കും വില കൂട്ടി. ഓരോ സ്റ്റോക്ക് വരുന്പോഴും കന്പനികൾ വില കൂട്ടുന്നതായാണ് ആക്ഷേപം. കന്പനികളിൽ ഉത്പാദനം കുറഞ്ഞതാണ് കാരണമായി പറയുന്നത്.
