ബംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഓയുമായ കുനാൽ കബ്ര തന്റെ ആറു വയസുകാരനായ മകന്റെ സ്കൂൾ പാഠപുസ്തകത്തിൽ സാമ്പത്തിക സാക്ഷരതയെകുറിച്ചുള്ള പാഠം ഉൾപ്പെടുത്തിയിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
മകൻ പഠിക്കുന്ന ഒന്നാം ക്ലാസ്സിലെ പുസ്തകത്തിൽ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും വിശദീകരിക്കുന്നത് കണ്ടാണ് അദ്ദേഹം തന്റെ സന്തോഷവും അമ്പരപ്പും പങ്കുവെച്ചത്. തന്റെ മകന്റെ സ്കൂൾ ബാഗിൽ കണ്ട എന്റെ പൈസ: സാമ്പത്തിക അവബോധം ( My Paiso: Money Mindfulness) എന്ന പുസ്തകത്തെക്കുറിച്ചാണ് കുനാൽ കബ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്.
യുപിഐ , ഭീം പോലുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ, പണം ലാഭിക്കൽ , ഉത്തരവാദിത്തത്തോടെയുള്ള പണം ചെലവഴിക്കൽ എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ ഈ ഒന്നാം ക്ലാസ് പുസ്തകത്തിലുണ്ട്. പല മുതിർന്നവർക്കും ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ തന്റെ ആറു വയസ്സുകാരനായ മകൻ സ്കൂളിൽ പഠിക്കുന്നത് തന്നെ അമ്പരപ്പിച്ചുവെന്നാണ് കുനാൽ കബ്ര വ്യക്തമാക്കുന്നത്. താൻ ഒരു ധനകാര്യ വിദഗ്ധനായിട്ടും ഇത്രയും കാലം മറ്റുള്ളവർക്ക് ഇത്തരം കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും, എന്തുകൊണ്ടാണ് ഇത് സ്കൂളിൽ നേരത്തെ പഠിപ്പിക്കാത്തത് എന്ന് താൻ ആലോചിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് പഠിച്ചിരുന്ന ത്രികോണമിതിയും ചരിത്രത്തിലെ യുദ്ധങ്ങളും പോലെ തന്നെ ജീവിതത്തിൽ അത്യാവശ്യമായ സാമ്പത്തിക കാര്യങ്ങളും കുട്ടികൾ നേരത്തെ പഠിക്കുന്നത് നല്ലൊരു മാറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യത്തെ ശമ്പളം കിട്ടുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ 25 വയസ്സിൽ കഷ്ടപ്പെടുന്നതിന് പകരം, പണത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള ഒരു തലമുറ വളർന്നു വരാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
