പയ്യന്നൂര്‍: വിധിപറയാനായി മാറ്റിവച്ച കേസില്‍ അതുവരെ കേസുവാദിച്ച അഭിഭാഷകനെ ഒഴിവാക്കാന്‍ വ്യാജ വക്കാലത്തുണ്ടാക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്ത് ചതിച്ചതായുള്ള അഭിഭാഷകന്റെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു.പയ്യന്നൂര്‍ ബാറിലെ അഭിഭാഷകനായ പ്രമോദ് ഉദിനൂക്കാരന് നല്കിയ പരാതിയിലാണ് എടാട്ട് പറമ്പത്ത് എസ്എന്‍ സ്കൂളിന് സമീപത്തെ അഭിഭാഷകന് രതീഷ്കുമാര്‍, ഇദ്ദേഹത്തിന്റെ പിതാവ് രവീന്ദ്രന്, മാതാവ് ദീപ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
അച്ഛനും അമ്മയും അഭിഭാഷകനായ മകനും പ്രതികളായുള്ള 2015 മുതല്‍ പയ്യന്നൂര്‍ മുനിസിഫ് കോടതിയില്‍ നടന്നുവരുന്ന കേസ് വാദങ്ങള്‍ പൂര്‍ത്തിയായി വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. ഈ കേസില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്ന അഡ്വ. പ്രമോദിന് കേസിന്റെ വിധി വന്നശേഷം ഫീസ് നല്‍കാമെന്ന് പറഞ്ഞിരുന്നതിനാല്‍ ഫീസിനത്തില്‍ ഒന്നും നല്‍കിയിരുന്നില്ല.
ഇതിനിടയിലാണ് വിധിപറയാനായിവച്ച കേസില്‍ പ്രതികള്‍ അഡ്വ. പ്രമോദിന്റെ വക്കാലത്ത് ഒഴിവാക്കി പുതിയ വക്കാലത്ത് കോടതിയില്‍ സമര്‍പ്പിച്ചത്.മഹാരാഷ്ട്രയിലേയും കാഞ്ഞങ്ങാട്ടേയും രണ്ട് അഭിഷാഷകരെ വക്കാലത്തേല്പ്പിച്ചതായുള്ള രേഖയില്‍ അഭിഭാഷകരുടെ അഡ്രസ് എടാട്ടുള്ളതായിരുന്നു.
കൂടാതെ, വക്കാലത്ത് ഒഴിയുന്നതിന് സമ്മതമാണെന്ന അഡ്വ. പ്രമോദിന്റെ അനുമതിപത്രത്തില്‍ വ്യാജ ഒപ്പാണുള്ളതെന്ന് മനസിലാക്കിയതോടെ അഡ്വ. പ്രമോദ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശ പ്രകാരം ആള്‍മാറാട്ടം നടത്തിയതിനും വ്യാജരേഖയുണ്ടാക്കിയതിനുമെതിരേ പോലീസ് കേസെടുത്തത്.
