കൊച്ചി: വ്യാജരേഖ ചമച്ച് അവയവ വില്പന നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.മുഹമ്മദ് നജീബിന്റേയും ഭാര്യ റഷീദയുടെയും കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെ ഇരുവരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് ഇന്ന് ആദ്യം കസ്റ്റഡി അപേക്ഷ നല്‍കുക. നാളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നജീബിന്റെ സാമ്പത്തിക ഇടപാടുകളും ഫോണ്‍വിളി വിവരങ്ങളും പരിശോധിച്ചതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള ചോദ്യംചെയ്യല്‍.
മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവവില്‍പ്പന റാക്കറ്റ് അഞ്ചുവര്‍ഷമായി സജീവമായിരുന്നതായാണ് കണ്ടെത്തല്‍. ഇതുവരെ നാല്‍പ്പതോളം അവയവമാറ്റം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. നജീബിന്റെ പ്രധാന ഇടനിലക്കാരില്‍ ഒരാളായ മറയൂര്‍ സ്വദേശി ഡെബിന് ജോസഫിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
സ്പാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ മറയാക്കിയാണ് ഇയാള്‍ അവയവവില്പന നടത്തിയിരുന്നത്. ഡെബിന് ജോസഫ് നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി നജീബിനൊപ്പമിരുത്തി ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷകസംഘം.
നജീബിന്റെ ബാങ്ക് അക്കൗണ്ടിലൂടെ നടന്നത് കോടികളുടെ ഇടപാട്
നജീബിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ പ്രധാന ബാങ്ക് അക്കൗണ്ട് കാക്കനാടാണെന്ന് അന്വേഷകസംഘം സ്ഥിരീകരിച്ചു. ഈ അക്കൗണ്ടില്‍ നിന്ന് ഏതൊക്കെ അക്കൗണ്ടുകളിലേയ്ക്കാണ് പണം പോയിട്ടുള്ളതെന്ന് പരിശോധിച്ചു വരികയാണ്. എവിടെ നിന്നെല്ലാം പണം വന്നിട്ടുണ്ടെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. മുഹമ്മദ് നജീബിന്റെ മറ്റ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഇയാള്‍ വിദേശത്തേയ്ക്ക് പണം മാറ്റിയതായും സംശയിക്കുന്നുണ്ട്.
