തലശേരി: കുടുംബ കോടതി കൗൺസിലിംഗ് കേസിന് ഹാജരാവാനെത്തിയ അഭിഭാഷകയെ കാത്തിരിപ്പ് മുറിയിൽ നിന്ന് അക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അധ്യാപകനെ പോലീസ് നോട്ടിസ് നൽകി വിട്ടയച്ചു. തിരുവനന്തപുരം മുട്ടക്കട സ്വദേശിനിയായ പി.വി. സോണിയെ (55) ആക്രമിച്ചു പരിക്കേൽപിച്ച കേസിലെ പ്രതിയായ വിളക്കോട്ടൂർ കീഴാലി പൊയിൽ വീട്ടിൽ കെ.പി. ദിവാകരനെയാണ് ( 53 ) നോട്ടീസ് നൽകി പോലീസ് വിട്ടയച്ചത്.
അഭിഭാഷകയുടെ പരാതിയിൽ 126 ( 2 ), 115 (2), 118(1),296 (b), 351 (2) വകുപ്പുകളിലാണ് അധ്യാപകനെതിരേ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. ഭാര്യയുമായി പിണങ്ങി വേറിട്ട് കഴിയുന്ന ദിവാകരനെതിരെ തലശേരി കുടുംബക്കോടതിയിൽ വിവാഹ മോചനത്തിനും ജീവനാംശത്തിനും കേസുണ്ട്. കേസിൽ എതിർ കക്ഷിയായ ദിവാകരന്റെ ഭാര്യക്ക് വേണ്ടി അഡ്വ. സോണിയാണ് ഹാജരാവുന്നത്.
കുടുംബക്കോടതിയിലെ കേസുകൾ ഒത്തുതീർക്കാൻ സോണി തടസം നിൽക്കുന്നതായി ആരോപിച്ചാണ് കൗൺസിലിംഗിനെത്തിയ ദിവാകരൻ അഭിഭാഷകയെ ആക്രമിച്ചത്. സോണിയെ തടഞ്ഞുവച്ച് അസഭ്യം പറയുകയും കൈ കൊണ്ട് മുഖത്തടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
ഇതിനിടെ വക്കീൽ തടഞ്ഞുവച്ച് ചീത്തവിളിക്കുകയും അടിക്കുകയും ചെയ്തതായെന്നും തന്റെ കണ്ണട നിലത്ത് വീണ് പൊട്ടി 2500 രൂപയുടെ നഷ്ടം സംഭവിച്ചതായും അധ്യാപകൻ പരാതിപ്പെട്ടു. വക്കാലത്ത് ഒപ്പിട്ട് വാങ്ങിയ ശേഷം തന്നെ കോടതി മുൻപാകെ ഹാജരാക്കാതെ എക്സ് പാർട്ടി വിധിയായ കാര്യം കോടതിയിൽ പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തന്നെ കോടതി ഹാളിൽ ആക്രമിച്ചതെന്നാണ് അധ്യാപകന്റെ പരാതി. അഭിഭാഷകയെ കോടതി ഹാളിൽ ആക്രമിച്ച പ്രതി പോലീസിനെ സ്വാധീനിച്ച് ജാമ്യം നേടിയെന്ന് ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി. ഹരീന്ദ്രൻ ആരോപിച്ചു.
കേസിലെ കക്ഷി കോടതിയിൽ ഒരു അഭിഭാഷകയെ ആക്രമിച്ച സംഭവം തലശേരി കോടതിയുടെ ചരിത്രത്തിൽ ആദ്യത്തേതാണ്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വന്ന ക്രൂരതക്ക് മാപ്പ് പറയുന്നതിന് പകരം പ്രതിയായ ആൾ അഭിഭാഷകയ്ക്ക് എതിരെ പരാതി നൽകുകയാണ് ചെയതത്. അഭിഭാഷകരുടെ കൃത്യനിർവഹണം തടസപ്പെടുത്തുന്ന കുറ്റകൃത്യം തലശേരി പോലീസ് എസ്എച്ച്ഒയെ നേരിൽ കണ്ട് ബാർ അസോസിയേഷൻ ബോധ്യപ്പെടുത്തിയതാണ്. എന്നാൽ പോലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ബാർ അസോസിയേഷൻ കുറ്റപ്പെടുത്തി.
സ്റ്റേഷൻ ഹൗസ് ഓഫീസരുടെ നടപടി തികച്ചും അപലപനീയമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റം ചെയ്തയാൾക്കെതിരെ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കേണ്ടതിന് പകരം നിസാര വകുപ്പ് ചേർത്ത് പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന നിലയുണ്ടാക്കി. പ്രതിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് പോലീസ് പ്രവർത്തിച്ചത്. കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ കണ്ട് വിഷയം ശ്രദ്ധയിൽ പെടുത്തുമെന്നും സംസ്ഥാന ബാർ കൗൺസിലിലും പരാതി നൽകുമെന്നും അഡ്വ. ഹരീന്ദ്രൻ പറഞ്ഞു.
