ഉപ്പുതറ: നിർമാണ സാമഗ്രികളുടെ വിലവർധനവും കൂലി വർധനവും തൊഴിലാളി ക്ഷാമവും നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി.നിർമാണ സാമഗ്രികളുടെ വില വർധിക്കുന്നതുകാരണം കരാറെടുക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയാതെ കരാറുകാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കെട്ടിട നിർമാണം കരാറെടുക്കുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. അസംസ്കൃത വസ്തുക്കളിലുണ്ടായ ക്രമാതീതമായ വില വർധന നിർമാണ മേഖലയിലുള്ളവരെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വ്യാപാര മേഖലയിൽ വിൽപ്പന പകുതിയായി കുറഞ്ഞു. നിർമാണ മേഖലയിൽ പണിയെടുക്കുന്നതിൽ കൂടുതൽ തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം സ്ഥലങ്ങളിലേക്കു പോയ തൊഴിലാളികൾ തിരിച്ചെത്തിയിട്ടില്ല. അതിനാൽ പലയിടത്തും നിർത്തിവച്ച നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.
