അഹമ്മദാബാദ്: മന്ത്രവാദമാരോപിച്ച് ജനക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണത്തിൽ 50 കാരൻ കൊല്ലപ്പെട്ടു. മനു ഭായ് ദാമോർ ആണ് കൊല്ലപ്പെട്ടത്.
ഗുജറാത്തിലെ സബർകന്ത ജില്ലയിൽ നടന്ന ആക്രമണത്തിൽ ഇയാളുടെ രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകൾ ഉൾപ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അന്ധവിശ്വാസത്തിന്റെ പേരിൽ ഒരു കുടുംബത്തെ മുഴുവൻ ലക്ഷ്യമിട്ടായിരുന്നു അക്രമം. പ്രദേശത്ത് വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മേയ് 19നായിരുന്നു സംഭവം നടന്നത്. മനു ഭായ് ദാമോറിന്റെ ഭാര്യ കമലാബെൻ മന്ത്രവാദം നടത്തുന്നുണ്ടെന്ന് ആരോപിച്ച് അയൽവാസികൾ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രദേശത്ത് നിലവിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
