ചെന്നൈ: തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നതായി റിപ്പോർട്ടുകൾ. ബിജെപിയിൽ തനിക്ക് ഇനി അവസരങ്ങളോ ഭാവി പ്രത്യാശകളോ ഇല്ലെന്നാണ് അണ്ണാമലൈയുമായി അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി ഡൽഹിയിൽ ഇന്നg നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി ഒരു മാസത്തിനുശേഷമാണ് ഈ നീക്കം.
തമിഴ്നാട്ടിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ താത്പര്യമെങ്കിലും കേന്ദ്ര നേതൃത്വം എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റണമെന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നിബന്ധന കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയാണ് അണ്ണാമലൈ പാർട്ടിയിൽ പാർശ്വവത്കരിക്കപ്പെട്ടത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയോ പാർട്ടിയുടെ പ്രചാരണ രംഗത്ത് സജീവമാകുകയോ ചെയ്തിരുന്നില്ല.
കേന്ദ്ര സർക്കാർ വച്ചുനീട്ടിയ രാജ്യസഭാ സീറ്റ് ഓഫർ അണ്ണാമലൈ നിരസിച്ചതായും വിവരമുണ്ട്. അണ്ണാമലൈ ചെന്നൈ എയർപോർട്ടിൽ എത്തിയ വാഹനത്തിൽ ബിജെപിയുടെ കൊടി വെച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായി. പാർട്ടി വിട്ട ശേഷം അണ്ണാമലൈ ആദ്യം ഒരു പുതിയ സാമൂഹിക പ്രസ്ഥാനം ആരംഭിക്കുമെന്നും പിന്നീട് അത് രാഷ്ട്രീയ പാർട്ടിയായി മാറ്റുമെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
