ഒറ്റപ്പാലം: ഇടവം പാതി കഴിഞ്ഞിട്ടും മഴമേഘങ്ങൾ കനിയുന്നില്ല. നെല്ലറക്ക് നിരാശ. മുൻവർഷങ്ങളിൽ ഈ കാലത്ത് തിമിർത്തു പെയ്തിരുന്ന മഴയുടെ ലാഞ്ചന പോലും ഇത്തവണ കാണാത്ത സ്ഥിതിയാണ്. ഇടവം പകുതി പിന്നിടുന്നതിന് മുമ്പ് തന്നെ കാലവർഷം ശക്തമാകണ്ട സമയമാണ്. എന്നാൽ ഇത്തവണ ജില്ലയിൽ മഴ തീരെ ഇല്ലാത്ത അവസ്ഥയാണ്. ഇതുകൊണ്ടുതന്നെ ഭൂരിഭാഗം ജലാശയങ്ങളും വറ്റി വരണ്ട നിലയിലാണ്.
പുഴകളും തോടുകളും കിണറുകളും മറ്റ് ജലസംഭരണികളും ഇതിനകം വറ്റി വരണ്ടു കഴിഞ്ഞു. പല പ്രദേശങ്ങളിലും ജലസംഭരണികളിൽ വെള്ളം ഇല്ലാത്തതിനാൽ കുടിവെള്ള വിതരണം തന്നെ പ്രതിസന്ധിയിൽ ആയിട്ടുണ്ട്.
ഭാരതപ്പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളിൽ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ജലവിതരണത്തിനുള്ള പമ്പിംഗ് പോലും നടക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴ വരണ്ട് കിടക്കുന്നു. പെയ്യാൻ മടിച്ചു നിൽക്കുന്ന മഴമേഘങ്ങൾ നെല്ലറയ്ക്ക് കനത്ത നിരാശയാണ് സമ്മാനിക്കുന്നത്. കാലവർഷം സജീവമാകാൻ ദിവസങ്ങൾ എടുക്കും എന്നാണ് സൂചന.
മഴ വൈകുന്തോറും കുടിവെള്ള വിതരണത്തെപോലെ തന്നെ കാർഷിക മേഖലയെയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് രൂപപ്പെടുന്നത്. ഒന്നാംവിള കൃഷിക്ക് വേണ്ടി കൃഷിയിടങ്ങൾ ഒരുക്കിയവർ വലിയ ഭീഷണിയാണ് അഭിമുഖീകരിക്കുന്നത്. കാലവർഷം വൈകുന്തോറും കർഷകരുടെ നെഞ്ചകമാണ് പൊള്ളുന്നത്.
കാലവർഷം വൈകിയാൽ നെൽകൃഷിയെയും ദോഷകരമായി ബാധിക്കും. പാലക്കാട് ജില്ലയ്ക്ക് പ്രധാന കുടിവെള്ള സ്രോതസായി പ്രവർത്തിക്കുന്ന ഭാരതപ്പുഴയുടെ ചില ഭാഗങ്ങളിൽ രൂപപ്പെട്ടുകിടക്കുന്ന നീർച്ചാലുകളും വെള്ളക്കെട്ടുകളും മാത്രമാണ് ഇപ്പോൾ ഉള്ളത്.
നോക്കത്താദൂരത്തോളം പരന്നുകിടക്കുന്ന മണലാരണ്യവും ഇതിനുമുകളിൽ പടർന്നു പന്തലിച്ച് നിലകൊള്ളുന്ന വള്ളിപ്പടർപ്പുകളും കാട്ടുചെടികളും കുറ്റിക്കാടുകളും മരങ്ങളും ആണ് പുഴയുടെ പ്രധാന കാഴ്ച. ഭാരതപ്പുഴയിൽ കുടിവെള്ളത്തിനും കുളിക്കാനും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. ഭാരതപ്പുഴക്ക് കുറുകെ നിർമിച്ച തടയണകളിൽ മാത്രമാണ് അല്പം എങ്കിലും വെള്ളമുള്ളത്.
ലക്കിടി, മീറ്റ്ന, ഷൊർണൂർ തടയണകളിൽ വെള്ളം ഉണ്ടെങ്കിലും അടിഞ്ഞുകൂടിയ മണ്ണും മണലും ചെളിയും പുഴയിലെ ജലത്തിന്റെ ആഗിരണശേഷി കുറച്ചിട്ടുണ്ട്. വേനൽകാലത്ത് തടയണകൾ നവീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.മഴ സജീവമായാൽ തടയണകളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും ചെളിയും നീക്കം ചെയ്യാൻ കഴിയും. ഇതിനു വേണ്ട നടപടികൾ ബന്ധപ്പെട്ടവർക്ക് കൈക്കൊള്ളണമെങ്കിൽ കാലവർഷം കനിയണം.
രാപ്പകൽ വ്യത്യാസം ഇല്ലാതെ ചുട്ടുപൊള്ളുന്ന നെല്ലറയ്ക്ക് പ്രതീക്ഷ പകർന്നുകൊണ്ട് സായാഹ്നങ്ങളിൽ മഴമേഘങ്ങൾ ഉരുണ്ടുകൂടാറുണ്ടെങ്കിലും പലയിടങ്ങളിലും മഴയായി ഇവ പരിണമിക്കുന്നില്ല.
