വണ്ടിത്താവളം: ജനതാദള്‍ പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതികളില്‍ നാലുപേരെ ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിയോട് മേല്‍പ്പാടം പ്രതീഷ് (29), കന്നിമാരി കമ്പാലത്തറ ലക്ഷ്മണന്റെ മകന് ശേഖരന് (29), പട്ടഞ്ചേരി മുട്ടിച്ചിറ കണ്ടമുത്തന്റെ കമന് അനില്‍(30) പെരുമാട്ടി മുള്ളന്തോട് കൃഷ്ണന്റെ മകന്പ്രജിത്ത് (23) എന്നിവരാണ് ഇന്നലെ പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ഒമ്പതിന് രാത്രി 11ന് വണ്ടിത്താവളം കള്ളുഷാപ്പിന് സമീപത്ത് ജനതാദള്‍ പ്രവര്ത്തകന് കേയിയോട് ദാസന്റെ മകന് മുകേഷിനാണ് വെട്ടേറ്റത്.
മുകേഷ് തട്ടുകടയില്‍ നിന്നും കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കാറില്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം മീനാക്ഷിപുരത്ത് സ്രാമ്പിയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ തോപ്പില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആക്രമണം നടത്തിയവരും ആക്രമണത്തിന് ഗുഢാലോചന നടത്തിയതിനുമായി പത്തുപേര്‍ക്കെതിരെ ചിറ്റൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഈ കേസിലെ പ്രതികളില്‍ ചിലരെ മുകേഷ് ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഇതിനുപിന്നിലെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ചിറ്റൂര്‍ സി.ഐ വി. ഹംസ പറഞ്ഞു. അറസ്റ്റിലായവരെ ഇന്നലെ വൈകുന്നേരം ആക്രമണം നടന്ന വണ്ടിത്താവളം ടൗണില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. ഇരുനൂറിലധികം പേര് തടിച്ചുകൂടിയത് നേരിയ സംഘര്‍ഷാവസ്ഥക്ക് ഇടവരുത്തി. അറസ്റ്റിലായവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഈ കേസിലെ മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ സഞ്ചരിച്ച കാറും ഉടന്‍ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.