പരവൂർ: രാജ്യത്ത് കറൻസി നോട്ടുകളുടെ വിനിമയത്തിൽ വലിയ വർധനയുണ്ടായിട്ടും നോട്ടുകൾ അച്ചടിക്കുന്നതിനായുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെലവിൽ വൻ കുറവ്.2025-26 സാമ്പത്തിക വർഷത്തിൽ ആർബിഐയുടെ നോട്ട് അച്ചടി ചെലവ് 23.5 ശതമാനമാണ് കുറഞ്ഞത്. മുൻ വർഷത്തെ 6,372.8 കോടി രൂപയിൽ നിന്ന് ഇത്തവണ ചെലവ് 4,875.2 കോടി രൂപയായി ചുരുങ്ങിയെന്ന് ആർബിഐയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷം നോട്ടുകളുടെ ഇൻഡന്റിൽ (ആവശ്യകത) ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം.
2025 മാർച്ച് അവസാനത്തെ കണക്കനുസരിച്ച് വിപണിയിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ മൂല്യം 36.86 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2026 മാർച്ചിൽ ഇത് 11.8 ശതമാനം വർധിച്ച് 41.23 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നു. കറൻസിയുടെ ആവശ്യകത വർധിച്ചിട്ടും അച്ചടി ചെലവ്കുറയ്ക്കാൻ കഴിഞ്ഞത് കുറഞ്ഞ അളവിൽ കൂടുതൽ മൂല്യമുള്ള നോട്ടുകൾ അച്ചടിച്ചതുകൊണ്ടാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിപണിയിലെ മൊത്തം നോട്ടുകളുടെ മൂല്യത്തിൽ 500 രൂപ നോട്ടുകളാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ആകെ കറൻസി മൂല്യത്തിന്റെ 85.5 ശതമാനവും (35.27 ലക്ഷം കോടി രൂപ) 500 രൂപ നോട്ടുകളാണ്. നിലവിൽ 705.48 കോടി 500 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. ഇത് മൊത്തം നോട്ടുകളുടെ എണ്ണത്തിൽ 41.2 ശതമാനം വരും.
രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകൾ അതിവേഗം വളരുമ്പോഴും ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഇപ്പോഴും പണവിനിമയത്തോടുള്ള താത്പര്യം ശക്തമായി തുടരുകയാണ്. കറൻസി-ജിഡിപി അനുപാതം മുൻ വർഷത്തെ 11.7 ശതമാനത്തിൽ നിന്ന് 2026 മാർച്ച് അവസാനത്തോടെ 12.1 ശതമാനമായി ഉയർന്നു. നോട്ട് അസാധുവാക്കലിന്റെ പത്താം വാർഷികത്തോട് അടുക്കുന്ന വേളയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. അതേസമയം ബാങ്ക് വായ്പകളിലെ ശക്തമായ വളർച്ച പ്രതിഫലിപ്പിച്ചുകൊണ്ട് ക്രെഡിറ്റ്-ജിഡിപി അനുപാതം മുൻവർഷത്തെ 57.4 ശതമാനത്തിൽ നിന്ന് 61.8 ശതമാനമെന്ന പുതിയ ഉയരത്തിലെത്തി.
എന്നാൽ ആർബിഐ ഡിജിറ്റൽ കറൻസിയായി അവതരിപ്പിച്ച ‘ഇ-രൂപ’യ്ക്ക് വിപണിയിൽ പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് വിനിമയത്തിലുള്ള ഇ-രൂപയുടെ മൂല്യം 771.7 കോടി രൂപയായി കുറഞ്ഞു. മുൻ വർഷത്തെ 1,016.5 കോടി രൂപയിൽ നിന്ന് 24.1 ശതമാനത്തിന്റെ ഇടിവാണ് ഇതിലുണ്ടായത്. പൈലറ്റ് പദ്ധതി കൂടുതൽ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉപയോക്താക്കൾക്കിടയിൽ അർഥവത്തായ സ്വാധീനം ചെലുത്താൻ ഇതിനായിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വരും വർഷങ്ങളിൽ കറൻസി മാനേജ്മെന്റ് ശക്തമാക്കാനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. 2026-27 സാമ്പത്തിക വർഷത്തെ അജണ്ട പ്രകാരം താഴെ പറയുന്ന പ്രധാന പ്രവർത്തനങ്ങളിൽ ആർബിഐ ശ്രദ്ധ കേന്ദ്രീകരിക്കും പുതിയതും പരിഷ്കരിച്ചതുമായ സുരക്ഷാ സംവിധാനങ്ങളിലൂടെ ഇന്ത്യൻ ബാങ്ക് നോട്ടുകളുടെ വിശ്വാസ്യതയും സമഗ്രതയും കൂടുതൽ ശക്തമാക്കും.
ഉത്കർഷ് 2029 പദ്ധതിയുടെ ഭാഗമായി നോട്ടുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി അവയുടെ ആയുസും ഈടു നിൽപ്പും വർധിപ്പിക്കും.കറൻസി പ്രോസസിംഗ് ശേഷി വർധിപ്പിക്കുന്നതിനായി രണ്ട് പുതിയ ഇഷ്യൂ ഓഫീസുകൾ കൂടി ആർബിഐ തുറക്കും.നോട്ടുകളുടെ നിർമാണത്തിൽ സ്വദേശിവൽക്കരണത്തിലൂടെ സ്വയംപര്യാപ്തത നിലനിർത്താനും, മികച്ച ഗുണനിലവാരമുള്ള നോട്ടുകൾ വിപണിയിൽ ഉറപ്പാക്കാനും ആർബിഐ മുൻഗണന നൽകുമെന്ന് വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
