പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂവിന് പരിഹാരമായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കാൻ ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ റെയിൽവൺ സെൽഫ് ടിക്കറ്റിംഗ് സോൺ കേരളത്തിൽ സ്ഥാപിക്കുന്നു. എറണാകുളം ജംഗ്ഷൻ, തിരുവനന്തപുരം സെൻട്രൽ, ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആദ്യ ഘട്ടത്തിൽ യാഥാർഥ്യമാകുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യാധിഷ്ഠിത മേഖല യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. ഡിജിറ്റൽ ടിക്കറ്റിംഗിന്റെ വർധിച്ചുവരുന്ന ജനപ്രീതി പ്രയോജനപ്പെടുത്താനും നിത്യേനയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ലേല നടപടികൾ പൂർത്തിയായതായും എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി കരാർ സ്വന്തമാക്കിയതായും റെയിൽവേ അധികൃതർ വ്യക്തമാക്കി.
ടിക്കറ്റിംഗ് കെട്ടിടത്തിന്റെ കോൺകോഴ്സ് പ്രവേശന കവാടങ്ങളിലാണ് ഈ പ്രത്യേക സോണുകൾ സ്ഥാപിക്കുക. യാത്രക്കാരുടെ ശ്രദ്ധ എളുപ്പത്തിൽ പതിയുന്ന പ്രധാന സ്ഥലങ്ങളിലായിരിക്കും ഇവയുടെ സ്ഥാനം.സോണുകളിൽ 65 ഇഞ്ച് ദൈർഘ്യമുള്ള ഒന്നിലധികം ടിവി സ്ക്രീനുകൾ സ്ഥാപിക്കും. ഇതിലെ ഒരു സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് മൊബൈൽ ഫോൺ വഴി സ്കാൻ ചെയ്ത് യാത്രക്കാർക്ക് ടിക്കറ്റുകൾ എടുക്കാം.
മറ്റൊരു സ്ക്രീനിൽ അടുത്ത മൂന്ന് മണിക്കൂറിലെ ട്രെയിൻ സമയപ്പട്ടിക, തത്സമയ പ്ലാറ്റ്ഫോം വിവരങ്ങൾ, കൃത്യമായ കോച്ച് പൊസിഷൻ എന്നിവ പ്രദർശിപ്പിക്കും. ട്രെയിനുകൾ വൈകി ഓടുന്നതുമായി ബന്ധപ്പെട്ട അലർട്ടുകളും ഇതിൽ ലഭ്യമാകും.
പ്ലാറ്റ്ഫോം ടിക്കറ്റുകൾക്ക് പുറമെ എസി ലോഞ്ച്, ക്ലോക്ക്റൂം, പോർട്ടർ (ചുമട്ടുതൊഴിലാളി) സൗകര്യങ്ങൾ എന്നിവയും ഈ സോൺ വഴി ബുക്ക് ചെയ്യാം. റെയിൽവൺ ആപ്പ് വഴി ഈ സെൽഫ് ടിക്കറ്റിംഗ് സോണുകളിൽ നിന്ന് റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ എടുക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ മൂന്ന് ശതമാനം കിഴിവ് ലഭിക്കും.
വരുന്ന ഓണത്തിന് മുമ്പായി ഈ സെൽഫ് ടിക്കറ്റിംഗ് സോണുകൾ പൂർണ സജ്ജമാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പദ്ധതി, ഓണത്തിന് മുൻപായി തിരുവനന്തപുരം മുതൽ വടക്കഞ്ചേരി വരെയുള്ള ഡിവിഷനിലെ 102 സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.
നിലവിൽ റെയിൽവേ സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ എത്തിക്കഴിഞ്ഞാൽ യാത്രക്കാർക്ക് റെയിൽവൺ ആപ്പ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാങ്കേതിക തടസമുണ്ട് (ജിയോ ഫെൻസിംഗ്). ഇത്തരം സാഹചര്യങ്ങളിൽ സ്റ്റേഷൻ പരിസരത്തെ നിർദിഷ്ട ക്യുആർ കോഡുകൾ കണ്ടെത്താൻ അവസാന നിമിഷം യാത്രക്കാർ ഏറെ ബുദ്ധിമുട്ടാറുണ്ട്. പുതിയ സമർപ്പിത സോണുകൾ വരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
റെയിൽവേയുടെ പഠനമനുസരിച്ച് ഏകദേശം 40 ശതമാനം യാത്രക്കാരും സ്റ്റേഷനിൽ എത്തിയ ശേഷമാണ് ടിക്കറ്റ് എടുക്കുന്നത്. എറണാകുളം പോലുള്ള പ്രധാന സ്റ്റേഷനുകളിൽ പ്രതിദിനം മൂന്ന് ലക്ഷത്തോളം യാത്രക്കാർ എത്തുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ഡിജിറ്റൽ ടിക്കറ്റിംഗിന്റെ വിഹിതം 50 ശതമാനമായി ഉയർത്താനാണ് റെയിൽവേയുടെ പദ്ധതിയെന്നും, ഇതിനായി യാത്രക്കാർ മൊബൈലിൽ റെയിൽവൺ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും റെയിൽവേ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.
എസ്. ആർ സുധീർ കുമാർ
