ഒറ്റപ്പാലം: പാലപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം പൊളിച്ചുനീക്കിയതിന് പുറകെ ടിക്കറ്റ് കൗണ്ടറും ഉടൻ നീക്കം ചെയ്യും. ഉപയോഗരഹിതമായ കൗണ്ടർ കൂടി നീക്കം ചെയ്യാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഏജന്റുമാരെ കിട്ടാഞ്ഞതിനെത്തുടർന്ന് പ്രവർത്തനം നിർത്തിയ സ്റ്റേഷനിൽ ഒന്നരവർഷത്തിന് ശേഷമാണ് പ്ലാറ്റ് ഫോമും കഴിഞ്ഞദിവസം പൊളിച്ചുനീക്കിയത്.കണ്ണൂരിലെയും കോഴിക്കോട്ടെയും പൂട്ടിയ ഹാൾട്ട് സ്റ്റേഷനുകൾ പിന്നീട് തുറന്നിരുന്നെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും പാലപ്പുറത്തെ യാത്രക്കാർ.
എന്നാൽ പ്ലാറ്റ്ഫോംകൂടി പൊളിച്ചുനീക്കിയതോടെ ഇനി പുനഃസ്ഥാപിക്കില്ലെന്ന് ഉറപ്പായി. ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഇവിടെ ബാക്കി. ഇത് കൂടി പൊളിച്ച് നീക്കിയാൽ പാലപ്പുറം റെയിൽവേ സ്റ്റേഷന്റെ അടയാളങ്ങളെല്ലാം ഇല്ലാതാവും. 2024 ഒക്ടോബർ 29-നാണ് പാലപ്പുറത്തെ നിലവിലുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷൻ ഏജന്റിന്റെ കാലാവധി കഴിഞ്ഞത്. തുടർന്ന് റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡിസംബർവരെ സ്റ്റേഷൻ പ്രവർത്തിച്ചു.
ഏജന്റുമാരെ കിട്ടാതായതോടെ 2025 ജനുവരി ഒന്നിന് സ്റ്റേഷന് താഴുവീഴുകയായിരുന്നു. ടിക്കറ്റെടുക്കലെല്ലാം ഓൺലൈനായതും ഏജന്റുമാർക്ക് വരുമാനം കുറഞ്ഞതുമാണ് സ്റ്റേഷൻ നടത്താൻ ആളെ കിട്ടാഞ്ഞതിന് കാരണം.
ഈ കാലത്താണ് കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട്, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ എന്നീ ഹാൾട്ട് റെയിൽവേ സ്റ്റേഷനുകൾ പൂട്ടിയിരുന്നത്. പിന്നീട് ജനപ്രതിനിധികളുടെ ഇടപെടലിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നു.
പാലപ്പുറത്തെ നാട്ടുകാർക്കും കേന്ദ്രീയവിദ്യാലയത്തിലേക്കെത്തുന്നവർക്കും പുറമേ പുഴയ്ക്കക്കരെ കുത്താമ്പുള്ളിയിലെ വസ്ത്രവ്യാപാരികൾക്കും ഗുണകരമായിരുന്നു പാലപ്പുറം സ്റ്റേഷൻ.പാലപ്പുറം റെയിൽവേ സ്റ്റേഷൻ നിലനിർത്താൻ നാട്ടുകാർ നടത്തിയ നീക്കങ്ങളല്ലാതെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.
ജനപ്രതിനിധികൾ ശക്തമായി ഇടപെട്ടിരുന്നുവെങ്കിൽ റെയിൽവേ സ്റ്റേഷൻ പുനസ്ഥാപിക്കുമായിരുന്നു എന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
