ചേർത്തല: മൺമറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളുടെ ചരിത്രം വളച്ചൊടിക്കാനും അപകീർത്തിപ്പെടുത്താനും സംഘപരിവാർ ശ്രമിക്കുന്നുവെന്ന് പി. പ്രസാദ് എംഎൽഎ.
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ 110-ാം വാർഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ ഒരു സ്ഥാനവുമില്ലാത്ത ഫാസിസ്റ്റുകൾക്ക് ചരിത്രത്തെ തിരസ്കരിച്ചുകൊണ്ട് മാത്രമേ നിലനിൽക്കാൻ കഴിയൂ. അതിനായി ജാതിയുടെയും മത്തിന്റെയും വൈകാരിക തലങ്ങളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പി. പ്രസാദ് പറഞ്ഞു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.ബി. ബിമൽ റോയി അധ്യക്ഷത വഹിച്ചു. ബികെഎംയു സംസ്ഥാന സെക്രട്ടറി ആർ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
സിപിഐ ചേർത്തല സൗത്ത് മണ്ഡലം സെക്രട്ടറി ബൈരഞ്ജിത്ത്, ജില്ലാ കൗൺസിൽ അംഗങ്ങളായ എസ്. പ്രകാശൻ, കെ.ബി. ഷാജഹാൻ, എം.ഡി. സുധാകരൻ, ടി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
