കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് ഇഡി സമൻസ് അയയ്ക്കും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ.എസ്.കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്.സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ തുടങ്ങി ഒമ്പത് പേർക്കാണ് സമൻസ് അയയ്ക്കുക.
എക്സാലോജിക്-സിഎംആർഎൽ ഇടപാടിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള പ്രധാന രേഖകൾ എല്ലാം എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് വിട്ടു കൊടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇഡി നൽകിയ അപേക്ഷയിൽ കൊച്ചിയിലെ പിഎംഎൽഎ കോടതിയുടേതായിരുന്നു വിധി. രേഖകൾ 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാനാണ് എസ്എഫ്ഐഒയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായ രേഖകളാണ് ഇഡിക്ക് കൈമാറേണ്ടി വരിക. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വീണയുടെ ഐടി റിട്ടേൺസ് എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടും.
