തൊഴിലാളികളെക്കൊണ്ട് അമിത ജോലി ചെയ്യിപ്പിക്കുന്ന ബോസുമാരുടെ കഥകൾക്കിടയിൽ, വേറിട്ടൊരു മാതൃകയുമായി ഒരു കമ്പനി സ്ഥാപക . ബൈക്കപകടത്തിൽ പരിക്കേറ്റ ജീവനക്കാരനോട് അതീവ ശ്രദ്ധയും കരുണയും കാണിച്ച ബോസിന്റെ വാട്സ്ആപ്പ് ചാറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സിൽ വൈറലാകുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി തന്റെ കീഴിൽ സ്ഥിരമായി ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് അപകടത്തിൽപ്പെട്ടതെന്ന് ബോസ് വ്യക്തമാക്കുന്നു. അപകടത്തിന് പിന്നാലെ ജീവനക്കാരൻ ബോസിന് അയച്ച സന്ദേശവും അതിന് ബോസ് നൽകിയ മറുപടിയുമാണ് ആളുകളുടെ മനസ്സ് കവരുന്നത്.
ബോസ്, ഞാൻ ബൈക്കിൽ നിന്ന് താഴെ വീണു. നാളെയും വേദനയുണ്ടെങ്കിൽ ഞാൻ ലീവ് എടുക്കും, പകരം തമ വരും. എന്നാൽ നാളെ വേദന കുറവാണെങ്കിൽ ഞാൻ ഓഫീസിൽ വരാൻ പരമാവധി ശ്രമിക്കാം ബോസ്, എന്നായിരുന്നു ജീവനക്കാരന്റെ സന്ദേശം.എന്നാൽ ജോലിക്ക് വരാൻ ശ്രമിക്കുന്ന ജീവനക്കാരനെ ബോസ് ശക്തമായി വിലക്കുകയാണുണ്ടായത്. ഉടൻ തന്നെ വീട്ടിലിരിക്കാനും ആശുപത്രിയിൽ പോകാനും അവർ നിർദ്ദേശിച്ചു.
വീട്ടിലിരിക്കൂ! നിങ്ങൾ ആശുപത്രിയിൽ പോയോ? ചിലപ്പോൾ തലയ്ക്ക് ആഘാതം ഏറ്റിട്ടുണ്ടാകാം, എന്ന് ബോസ് ആശങ്കയോടെ മറുപടി നൽകി. എന്നാൽ താൻ വേദനസംഹാരികൾ കഴിച്ച് തത്കാലം പിടിച്ചുനിൽക്കുകയാണെന്നും, ഉച്ചയ്ക്ക് ശേഷം ഓഫീസിൽ വരാൻ നോക്കാമെന്നുമായിരുന്നു ജീവനക്കാരന്റെ മറുപടി. കൂടുതൽ വേദനിച്ചാൽ മാത്രമേ ഡോക്ടറെ കാണൂ എന്നും അയാൾ കൂട്ടിച്ചേർത്തു.
ഇതോടെ ബോസ് കൂടുതൽ കർശനമായി ഇടപെട്ടു. അപകടങ്ങൾ തമാശയല്ലെന്നും, ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് താൻ കമ്പനി വക ഹെൽത്ത് ഇൻഷുറൻസ് നൽകുന്നതെന്നും ഓർമ്മിപ്പിച്ച ബോസ്, തലകറക്കം വരുന്നത് തലയ്ക്ക് ആഘാതമേറ്റതിന്റെ ലക്ഷണമാണെന്നും ഉടൻ ആശുപത്രിയിൽ പോകണമെന്നും ജീവനക്കാരനെ നിർബന്ധിച്ചു.
പോസ്റ്റ് വൈറലായതോടെ ബോസിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ചിലർ ചില ജീവനക്കാരുടെ മനോഭാവത്തെക്കുറിച്ചും പ്രതികരിച്ചു.ചിലർക്ക് എന്ത് വന്നാലും ആശുപത്രിയിൽ പോകാൻ മടിയാണ്, അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല,എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, അയാൾക്ക് സുഖമാണെന്ന് കരുതുന്നു, നിങ്ങൾ വളരെ നല്ലൊരു ബോസ് ആണ് എന്ന് മറ്റൊരാൾ കുറിച്ചു.തൊഴിലിടങ്ങളിലെ മാനുഷിക പരിഗണനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
