സുൽത്താൻ ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ബത്തേരി റേഞ്ച് വനമേഖലയിൽ റോഡരികിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂന്പാരമായി തള്ളുന്നത് തുടരുന്നതായി പരാതി.
ദേശീയപാത 766ലെ മുത്തങ്ങ-പൊൻകുഴി ഭാഗത്തിന് സമീപമുള്ള വനമേഖലയിലാണ് ദിവസങ്ങളായി മാലിന്യങ്ങൾ കിടക്കുന്നത്.രാത്രികാല യാത്രാനിരോധനം നിലവിലുള്ള ദേശീയപാതയോര വനമേഖലയായിട്ടും അജ്ഞാതർ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്ലാസ്റ്റിക് കവറുകൾ, ഭക്ഷ്യാവശിഷ്ടങ്ങൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പ്രദേശത്ത് കൂന്പാരമായി കിടക്കുന്നത്.
വന്യജീവികൾ പതിവായി തീറ്റതേടിയും വെള്ളം കുടിക്കാനുമായി എത്തുന്ന മേഖലയായതിനാൽ മാലിന്യ നിക്ഷേപം ഗുരുതരമായ പരിസ്ഥിതി ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കുന്നതിലൂടെ വന്യമൃഗങ്ങളുടെ ആരോഗ്യത്തിനും ജീവനും അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങളുടെ ഗന്ധം വന്യമൃഗങ്ങളെ റോഡരികിലേക്ക് ആകർഷിക്കാനും വന്യജീവി ആക്രമണത്തിനും ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
മേഖലയിൽ വനവകുപ്പിന്റെ നിരീക്ഷണത്തിനായി സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കുന്നതിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. ദിവസങ്ങളായി മാലിന്യം കിടക്കുന്നുണ്ടെങ്കിലും അത് നീക്കം ചെയ്യാനോ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനോ ബന്ധപ്പെട്ട വകുപ്പുകൾ തയാറായിട്ടില്ലെന്നും അവർ ആരോപിച്ചു.
വനമേഖലകളിൽ മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി ഇത്തരം നിയമലംഘനങ്ങൾ തടയാൻ ശക്തമായ നിരീക്ഷണവും ശിക്ഷാനടപടികളും അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
