പത്തനംതിട്ട: സാമൂഹ്യ യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ജില്ലയിലെ യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ചില രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനവും മുസ്ലിംലീഗിന്റെ വർഗീയ നിലപാടുകളും തുറന്നുപറഞ്ഞാൽ ആരെയും വർഗീയവാദിയാക്കുന്ന സ്ഥിതിയാണ് കേരളത്തിൽ.
ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരേയാണ് വെള്ളാപ്പള്ളി ശബ്ദമുയർത്തിയതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാമെന്ന ആരുടെയും മോഹം നടക്കില്ല. യോഗത്തിന്റെ സ്ഥാനങ്ങളിൽ കയറിപ്പറ്റാൻ സാധിക്കാത്തവരും യോഗത്തിൽനിന്നും ശാഖായോഗത്തിൽനിന്നും പുറത്താക്കപ്പെട്ടവരുമായ കുലംകുത്തികളെ കൂട്ടുപിടിച്ച് യോഗത്തെയും ജനറൽ സെക്രട്ടറിയെയും കള്ളക്കേസുകളുടെ പേരിൽ ആക്ഷേപിക്കാനാണ് ശ്രമം. സിപിഎമ്മിലെ അപചയം തുറന്നുപറഞ്ഞു എന്ന കുറ്റം മാത്രമാണ് അടുത്തിടെ വെള്ളാപ്പള്ളി ചെയ്തത്.
ഇടതു സർക്കാരിന് മൂന്നാം തുടർഭരണം നഷ്ടമാകാൻ കാരണം ഇടതുമുന്നണിയിലെ കുതികാൽവെട്ടും സിപിഎം നേതൃനിരയിലെ പാളിച്ചകളുമാണ്. അത് ഉൾക്കൊള്ളാതെ ദയനീയ തോൽവിയുടെ കാരണം വെള്ളാപ്പള്ളി ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫിന്റെ ചില നേതാക്കൾ. അധികാരത്തിന്റെ ബലത്തിൽ ഇനിയും പൊതുമുതൽ കൊള്ളയടിക്കാനാണു ശ്രമമെങ്കിൽ നേരിടുമെന്നും അവർ പറഞ്ഞു.
പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
