കൊച്ചി: കുപ്രസിദ്ധ ഗുണ്ട മൂന്നു മാസം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പില് അട്ടാണി അനീഷ് (43), ഇയാളുടെ കൂട്ടാളി കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്.രണ്ടാമത്തെ പീഡനക്കേസിന്റെ മൊഴി എടുക്കുന്നതിനിടെയാണ് ആദ്യം അട്ടാണി അനീഷ് പീഡിപ്പിച്ച വിവരം യുവതി പോലീസിനെ അറിയിച്ചത്.
കണ്ണൂർ സ്വദേശിനിയായ 22കാരിയെ കഴിഞ്ഞ 21ന് എസ്ആർഎം റോഡിലെ ഹോട്ടലിലെത്തിച്ച് എംഡിഎംഎ കുത്തിവച്ചശേഷം ഫിറോസ് ഖാൻ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
സിഡബ്ല്യുസിയിൽ നിന്ന് വളർന്ന യുവതി പ്രായപൂർത്തിയായ ശേഷം എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. കലൂർ സ്റ്റേഡിയത്തിനു സമീപത്തെ കടയിൽ അർധരാത്രി ചായ കുടിക്കാനെത്തിയ യുവതിയെ ഫിറോസ് എസ്ആർഎം റോഡിലെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി എം ഡിഎംഎ കുത്തി വച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു.
അട്ടാണി അനീഷ് മുമ്പ് മട്ടാഞ്ചേരിയിലെ വീട്ടിൽ വച്ച് യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ ഫിറോസ് ഖാന് കൈമാറിയിരുന്നു. ഈ ദൃശ്യങ്ങൾ യുവതിയെ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.22ന് പുലർച്ചെ ഹോട്ടൽ മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവതി പരിചയക്കാരനായ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു.
തുടർന്ന് ഇയാൾ യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ അറിയിച്ച പ്രകാരം എറണാകുളം നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ അയ്യപ്പൻകാവിൽനിന്ന് എസ്ഐമാരായ ഹരികൃഷ്ണൻ, പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫിറോസ് ഖാനെ തിങ്കളാഴ്ച അറസ്റ്റു ചെയ്തു. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അട്ടാണി അനീഷിന്റെ പേരിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസ് മട്ടാഞ്ചേരി പോലീസിന് കൈമാറി. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മട്ടാഞ്ചേരി പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
