പരവൂർ: രാജ്യത്ത് റോഡപകടങ്ങളിൽപ്പെടുന്ന കാൽനടയാത്രക്കാരുടെ മരണസംഖ്യ ആശങ്കാജനകമായി ഉയരുന്നതായി കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക റിപ്പോർട്ട്. കാൽനടയാത്രക്കാരുടെ മരണം കേവലം നഗരങ്ങളിലെ മാത്രം പ്രശ്നമല്ലെന്നും ദേശീയപാതകളിലും മറ്റ് നഗരേതര റോഡുകളിലുമാണ് ഇത്തരം അപകടങ്ങൾ ഭൂരിഭാഗവും നടക്കുന്നതെന്നും 2019-24 കാലയളവിലെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഈ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തുണ്ടായ 1.8 ലക്ഷത്തിലധികം കാൽനടയാത്രക്കാരുടെ മരണങ്ങളിൽ 30 ശതമാനവും റിപ്പോർട്ട് ചെയ്തത് ദേശീയ പാതകളിലാണ്.അതേസമയം അമ്പത് ദശലക്ഷത്തിലധികം (5 കോടി) ജനസംഖ്യയുള്ള രാജ്യത്തെ വൻനഗരങ്ങളിൽ ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് ആകെ മരണങ്ങളുടെ 11.8 ശതമാനം മാത്രമാണ്.
ബാക്കിയുള്ള അപകടങ്ങൾ സംസ്ഥാന ഹൈവേകളിലും ഗ്രാമീണ-ജില്ലാ റോഡുകളിലുമാണ് നടന്നിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകൾ നൽകിയ വിവരങ്ങൾ സമാഹരിച്ച് തയാറാക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രതിവർഷം ശരാശരി 30,500-ലധികം കാൽനടയാത്രക്കാർക്ക് റോഡുകളിൽ ജീവൻ നഷ്ടപ്പെടുന്നുണ്ട്.
നടപ്പാതകളുടെ അഭാവം പ്രധാന കാരണം;
തമിഴ്നാട് ഒന്നാമത്
കാൽനടയാത്രക്കാർക്കായി പ്രത്യേകവും സുരക്ഷിതവുമായ നടപ്പാതകളും റോഡ് ക്രോസിംഗ് സൗകര്യങ്ങളും ഇല്ലാത്തതാണ് ഇന്ത്യയിലെ ഉയർന്ന മരണനിരക്കിന് പ്രധാന കാരണമെന്ന് റോഡ് സുരക്ഷാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. 2024-ലെ ഏറ്റവും പുതിയ മന്ത്രാലയ റിപ്പോർട്ട് പ്രകാരം കാൽനടയാത്രക്കാരുടെ മരണത്തിൽ തമിഴ്നാടാണ് ഏറ്റവും മുന്നിൽ (4,712 മരണം). തൊട്ടുപിന്നിൽ ബീഹാർ (4,149), മഹാരാഷ്ട്ര (3,344), പശ്ചിമ ബംഗാൾ (3,241) എന്നീ സംസ്ഥാനങ്ങളാണ്.
വാഹനങ്ങൾക്ക് മാത്രം മുൻഗണന നൽകി റോഡുകൾ രൂപകൽപ്പന ചെയ്യുന്ന പ്രവണതയാണ് നിലവിലുള്ളതെന്നും കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരടങ്ങുന്ന കാൽനടയാത്രക്കാർ ജീവൻ പണയം വച്ചാണ് പ്രധാന റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാകുന്നതെന്നും മുൻ റോഡ് സുരക്ഷാ ജോയിന്റ് സെക്രട്ടറി അഭയ് ദാംലെ വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം നട പ്പാതകളിലൂടെ സുരക്ഷിതമായി നടക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശത്തിന്റെഭാഗമാണെന്ന് സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായ നിർവചിക്കപ്പെട്ട നടപ്പാതകൾ ഉറപ്പാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
ഇതോടൊപ്പം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള മറ്റൊരു കേസിൽ, കാൽനടയാത്രക്കാർക്ക് പ്രവേശനമില്ലാത്ത അതിവേഗ ദേശീയപാതകളിൽ അവരെ മുൻകൂട്ടി അറിയിക്കുന്നതിനായി കൃത്യമായ സുരക്ഷാ സൈൻബോർഡുകൾ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യൂറിയും നിർദേശിച്ചിട്ടുണ്ട്. പുതിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ റോഡ് നിർമാണ ഏജൻസികളും നയരൂപീകരണ വിദഗ്ധരും കാൽനട സുരക്ഷയ്ക്ക് കൂടുതൽ മുൻഗണന നൽകേണ്ടതുണ്ടെന്നാണ് ഉയരുന്ന ആവശ്യം.
എസ് ആർ. സുധീർ കുമാർ
