മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതിയതിന് പിന്നാലെ മഹാരാഷ്ട്രയിൽ വിദ്യാർഥി ജീവനൊടുക്കി. സുശീൽ ധാഗെ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാ സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുൻപ് കൈകൾ കൂപ്പി അമ്മയോട് മാപ്പ് ചോദിക്കുന്ന ഒരു വീഡിയോ സന്ദേശം സുശീൽ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
ജൂൺ 21-നാണ് സുശീൽ രാജ്യവ്യാപകമായി നടന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ ദാരുണ സംഭവം പുറത്തുവരുന്നത്.”അമ്മേ, എന്നോട് ക്ഷമിക്കൂ… എനിക്ക് മികച്ച സ്കോർ നേടാൻ കഴിയില്ലെന്ന് തോന്നുന്നു” എന്ന് കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് പറയുന്ന സുശീലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരിക്കുകയാണ്.
സംഭവത്തിൽ പ്രാദേശിക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ദേശീയ തലത്തിൽ നീറ്റ് പരീക്ഷാ വിവാദങ്ങളും പുനഃപരീക്ഷകളും തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.
