മൊണ്ടെറെ(മെക്സിക്കോ): ലോകകപ്പ് ഗ്രൂപ്പ് എ-യിലെ നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ദക്ഷിണാഫ്രിക്കയ്ക്ക് സുവർണനേട്ടം. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്ക നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഇന്ത്യൻ സമയം ഇന്ന് രാവിലെ 6.30നായിരുന്നു മത്സരം.
എ-ഗ്രൂപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മെക്സിക്കോ തകർത്തതോടെ ഒന്‍പത് പോയിന്റുമായി മെക്സിക്കോയാണ് ഗ്രൂപ്പ് ജേതാക്കൾ. തൊട്ടുതാഴെ നാലു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. 28-ന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന പ്രീക്വാർട്ടറിൽ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.
അടുത്ത റൗണ്ടിലേക്ക് കടക്കാൻ ജയമോ സമനിലയോ മതിയാകുമായിരുന്ന കൊറിയക്ക് ഈ തോൽവി കനത്ത ആഘാതമായി. മൂന്ന് പോയിന്റ് മാത്രമുള്ള ദക്ഷിണ കൊറിയക്ക് മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്താൻ ഇനി മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ച് വേണം. മത്സരത്തിൽ രണ്ടു തോൽവിയും ഒരു സമനിലയും നേരിട്ട ചെക്ക്റിപ്പബ്ലിക്ക് പുറത്തായി.
ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം 63-ാം മിനിറ്റിൽ താപെലോ മസെക്കോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ മൊറേമി ഇടതുവിംഗിൽ നിന്ന് നൽകിയ ക്രോസിൽ മസെക്കോ ലക്ഷ്യം കാണുകയായിരുന്നു. ആദ്യപകുതിയിൽ സമനിലയെത്തുടർന്ന് രണ്ടാം പകുതിയിൽ കൊറിയയുടെ നായകൻ സണ്‍ ഹ്യൂംഗ്-മിൻ അടക്കമുള്ള പ്രമുഖർ കളത്തിലിറങ്ങി.
ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ അവർ കിണഞ്ഞു ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്ക പിറകോട്ടു പോയില്ല. ദക്ഷിണാഫ്രിക്കൻ പ്രതിരോധവും ഗോൾകീപ്പർ റോണ്‍വെൻ വില്യംസും ശക്തമായി നിലകൊള്ളുകയായിരുന്നു. അതോടെ കൊറിയയുടെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു.പകരക്കാരനായി എത്തിയ മൊറേമി ഇടതുവശത്തിലൂടെ കൊറിയൻ പ്രതിരോധത്തെ വകഞ്ഞ് മാറ്റി ബോക്സിലേക്ക് ക്രോസ് നൽകി.
പന്ത് നിയന്ത്രിക്കുന്നതിൽ കൊറിയൻ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളായത്. സമീപത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ താപെലോ മസെക്കോ പന്ത് നെഞ്ചിൽ നിയന്ത്രിച്ച് കനത്ത ഷോട്ടിലൂടെ കൊറിയൻ ഗോൾകീപ്പർക്ക് അവസരം നൽകാതെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി. ഒരു ഗോളിന് ദക്ഷിണാഫ്രിക്ക മുന്നിൽ. സ്റ്റേഡിയം ഇളകിമറിഞ്ഞ നിഷമായിരുന്നു തുടർന്ന് കണ്ടത്.
